പൊലീസിന്റെ മുഖം ക്രൂരതയുടെ പര്യായമാകരുത്; ചട്ടവിരുദ്ധമായി ഒന്നും സ്റ്റേഷനുകളിൽ നടപ്പാക്കരുതെന്ന് മുഖ്യമന്ത്രി

നെടുങ്കണ്ടം കസ്റ്റഡി മരണം ഉൾപ്പെടെ ദുഷ്‌പേരുണ്ടായ സാഹചര്യത്തിൽ പൊലീസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പെലീസിന്റെ മുഖം ക്രൂരതയുടെ പര്യായമാകാൻ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചട്ടവിരുദ്ധമായി ഒന്നും സ്റ്റേഷനുകളിൽ നടപ്പാക്കരുത്. സംസ്‌കാര ഔന്നിത്യത്തോടെ പൊലീസ് പ്രവർത്തിക്കണം. കുറ്റം ചെയ്യുന്നവരുടെ സ്ഥാനവും മാനവും നോക്കിയല്ല കേരള പൊലീസ് നടപടികൾ എടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിൽ മതനിരപേക്ഷത തകർക്കാനുള്ള നീക്കത്തെ പൊലീസ് സംയമനത്തോടെ നേരിട്ടു. ശബരിമലയിൽ വർഗീയ കോമരങ്ങൾ ആക്രമണം അഴിച്ചുവിട്ടു. സംസ്ഥാനത്ത് കലാപം പടർത്താനുള്ള ഉദേശത്തോടെയാണ് പൊലീസിനെ ആക്രമിച്ചത്. ഉദ്ദേശം മനസിലാക്കി നിയന്ത്രണം വിടാതെ പൊലീസ് പ്രവർത്തിച്ചു. ഇതിനിടെ ചില സംഭവങ്ങൾ പൊലീസിന് ദുഷ്‌പേര് വരുത്തി.
കേരളത്തിൽ ലോക്കപ്പ് മർദനം ഉണ്ടായി. നടക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ നടക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങൾ ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ അന്വേഷണ ഏജൻസികൾക്കും പൂർണ സ്വാതന്ത്ര്യമുണ്ട്. കൂട്ടിലടക്കപ്പെട്ട അവസ്ഥ സംസ്ഥാനത്തെ ഒരു അന്വേഷണ ഏജൻസിയും അഭിമുഖീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, പൊലീസ് ഉദ്യോഗസ്ഥരിൽ ആത്മഹത്യ വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്യങ്ങൾ സർക്കാർ പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here