പൊലീസ് യൂണിഫോമിൽ രജനികാന്ത്; ഒപ്പം നയൻ താരയും: വൈറലായി ദർബാർ ഷൂട്ടിംഗ് സ്റ്റില്ലുകൾ

സ്റ്റൈൽ മന്നൻ രജനീകാന്തും നയന്‍താരയും ഒന്നിക്കുന്ന ചിത്രമാണ് ദര്‍ബാര്‍. എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദര്‍ബാറിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

ചിത്രീകരണത്തിനിടെ ആരോ പകര്‍ത്തിയ രംഗങ്ങള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. നയന്‍താരയും രജനീകാന്തും ഒന്നിച്ചുള്ള ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ചിത്രത്തിൽ പൊലീസ് യൂണിഫോമില്‍ ഒരു കാറില്‍ ചാരി നില്‍ക്കുന്ന രജനിയെയും സമീപത്ത് നില്‍ക്കുന്ന നയന്‍ താരയെയുമാണ് കാണാനാകുന്നത്.

രജനികാന്ത് 25 വര്‍ഷങ്ങൾക്കു ശേഷം പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് ദര്‍ബാര്‍. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രജനികാന്തും എആര്‍ മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

അതേസമയം, ഇത് നാലാമത്തെ തവണയാണ് രജനീകാന്തും നയന്‍താരയും ഒന്നിക്കുന്നത്. ‘ചന്ദ്രമുഖി’, ‘കുചേലന്‍’, ‘ശിവാജി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നയന്‍താര തലൈവര്‍ക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ദര്‍ബാറി’നുണ്ട്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ‘ദളപതി’യ്ക്ക് ശേഷം നീണ്ടൊരു ഇടവേളയ്ക്കു ശേഷമാണ് രജനീകാന്ത് ചിത്രത്തിന് സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് എന്ന പ്രത്യേകതയും ദര്‍ബാറിന് സ്വന്തമാണ്. 2020ല്‍ പൊങ്കലിന് ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top