പി.ചിദംബരത്തിന്റെ കസ്റ്റഡി നീട്ടി; മറ്റ് പ്രതികൾക്കൊപ്പം ചോദ്യം ചെയ്യും

ഐഎൻഎക്‌സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരം സിബിഐ കസ്റ്റഡിയിൽ തുടരും. ചിദംബരത്തിന്റെ കസ്റ്റഡി നാല് ദിവസത്തേക്ക് കൂടി പ്രത്യേക സിബിഐ കോടതി നീട്ടി. ഈ മാസം 30 വരെയാണ് ചിദംബരത്തിന്റെ കസ്റ്റഡി നീട്ടിയത്. ചിദംബരത്തെ മറ്റ് പ്രതികൾക്കൊപ്പം ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അഞ്ച് ദിവസത്തെ കസ്റ്റഡി കൂടി വേണമെന്നുമാണ് സിബിഐ അറിയിച്ചത്. എന്നാൽ കഴിഞ്ഞ നാല് ദിവസത്തെ കസ്റ്റഡിയിൽ സിബിഐ എന്തു ചെയ്യുകയായിരുന്നെന്ന് കോടതി ആരാഞ്ഞു.
Read Also; ‘ചിദംബരത്തിന്റെ അറസ്റ്റ് സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച വാർത്തകൾ മറയ്ക്കാൻ’: കോൺഗ്രസ്
ചില കത്തുകളെക്കുറിച്ച് ചിദംബരത്തോട് ചോദിച്ചറിഞ്ഞെന്നായിരുന്നു സിബിഐയുടെ മറുപടി. എന്നാൽ ചിദംബരത്തെ ഇതുവരെ ഒരു രേഖപോലും കാണിച്ച് ചോദ്യം ചെയ്തിട്ടില്ലെന്ന് കപിൽ സിബൽ വാദിച്ചു. കേസിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടായിട്ടുണ്ടെന്നും മറ്റ് പ്രതികളുടെ കൂടെയിരുത്തി ചിദംബരത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സിബിഐ കോടതിയിൽ അറിയിച്ചു. തുടർന്ന് നാല് ദിവസത്തേക്ക് കൂടി കോടതി കസ്റ്റഡി നീട്ടുകയായിരുന്നു.
ഇതേ കേസിൽ സമർപ്പിച്ചിരുന്ന പി.ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് തള്ളിയിരുന്നു. അറസ്റ്റ് ചെയ്തതോടെ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലെന്നും ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ ഈ മാസം 21 നാണ് മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. തുടർന്ന് സിബിഐ കോടതി നാലു ദിവസത്തേക്ക് കസ്റ്റഡിയിൽ വിടുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here