ലവ് ജിഹാദ് എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയും വാർത്തയും വ്യാജം; പ്രചാരണം നടത്താൻ ഉപയോഗിച്ചിരിക്കുന്നത് പാകിസ്താനിൽ നിന്നുള്ള വീഡിയോ

വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ലവ് ജിഹാദിന്റെ പേരിൽ വീണ്ടും വ്യാജ പ്രചാരണം. മുസ്ലിം യുവാക്കൾ ഹിന്ദു യുവതികളെ പ്രണയം നടിച്ച് മതം മാറ്റത്തിനു പ്രേരിപ്പിക്കുന്നു എന്ന തരത്തിൽ ഒട്ടേറെ സംഭവങ്ങൾ പലയിടങ്ങളിയായി ഉയർന്നു കേട്ടിട്ടുണ്ട്. ഇവയിൽ പലതും വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞിട്ടുമുണ്ട്. അന്നത്തെ ഡിജിപി ജേക്കബ് പുന്നൂസ് കേരളത്തിൽ അങ്ങനെയൊരു സംഗതിയില്ലെന്ന് കോടതിയിൽ റിപ്പോർട്ടും നൽകി. ഏറ്റവും ഒടുവിൽ ഹാദിയയും ഷഫിൻ ജഹാനും തമ്മിലുള്ള വിവാഹം ലവ് ജിഹാദ് ആണെന്ന ആരോപണവും കോടതി തള്ളി. ​എങ്കിലും ഇടയ്ക്കിടെ ലവ് ജിഹാദ് എന്ന പേരിൽ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ട്വിറ്ററിലൂടെ പ്രചരിച്ച ഒരു വീഡിയോ.

‘ലവ് ജിഹാദിലൂടെ മതം മാറി വിവാഹം കഴിച്ച യുവതിയെ തല്ലി മൂത്രം കുടിപ്പിക്കുന്നു. മുസ്ലിങ്ങൾ നല്ലയാളുകളാണെന്നാണ് അവൾ പറഞ്ഞിരുന്നത്. ടിക്ടോക്കിൽ അവൾ ഒട്ടേറെ മുസ്ലിങ്ങളെ പിന്തുടരുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇവളെ ഏഴ് മുസ്ലിങ്ങൾ ചേർന്ന് ബലാത്സംഗം ചെയ്തു’ എന്ന കുറിപ്പോടെയാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ഈ ട്വീറ്റ് വളരെ വേഗത്തിൽ പ്രചരിച്ചു. നിരവധി ട്വിറ്റർ ഹാൻഡിലുകൾ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തു. 45 മിനിട്ട് ദൈർഘ്യമുള്ള ഈ വീഡിയോ പിന്നീട് ഫേസ്ബുക്കിലും പ്രത്യക്ഷപ്പെട്ടു. ഈ വീഡിയോ സത്യമാണെങ്കിലും ഇതിലെ അവകാശ വാദങ്ങൾ തെറ്റാണ്.

ഒന്നാമതായി ഈ വീഡിയോ ഇന്ത്യയിലേതല്ല. പാകിസ്താനിലെ കറാച്ചിയിൽ നിന്നുള്ള വീഡിയോ ആണിത്. പാകിസ്താനി വാർത്താസൈറ്റായ ‘സമാ’യിലാണ് വാർത്തയും വീഡിയോയും ആദ്യം പ്രത്യക്ഷപ്പെട്ടത്. ഓഗസ്റ്റ് 13ലെ റിപ്പോർട്ട് പ്രകാരം വീഡിയോയിൽ കാണുന്നത് ഒരു പാക്-ഇറ്റാലിയൻ യുവതിയെയാണ്. വീഡിയോ ആദ്യം ട്വീറ്റ് ചെയ്തതാവട്ടെ, പാക് മാധ്യമ പ്രവർത്തകൻ ഇഖ്റാറുൽ ഹസനും. യുവതിയുടെ ഭർത്താവിനെതിരെയുള്ള എഫ്ഐആറിൻ്റെ കോപ്പിയും അദ്ദേഹം ട്വീറ്റ് ചെയ്തു. ട്വീറ്റ് പാകിസ്താനിലെ ഇറ്റാലിയൻ അംബാസിഡറുടെ ശ്രദ്ധയിൽ പെട്ടതോടെ നടപടികയുമായി മുന്നോട്ടു പോവുകയാണെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു.

ഫലത്തിൽ, പാകിസ്താനിൽ നടന്ന ഒരു സംഭവം ഇന്ത്യയിലേതാക്കി, അതിൻ്റെ പേരിൽ വംശീയ വിദ്വേഷം വളർത്താനുള്ള ബോധപൂർവമായ ശ്രമമാണ് ചിലർ നടത്തുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമം എന്ന നിലയ്ക്ക് ഈ വീഡിയോ പുറത്തറിയുകയും പ്രതിഷേധിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാൽ ആ വാർത്ത ഇത്തരത്തിൽ പ്രചരിപ്പിക്കുന്നതും വിദ്വേഷം വളർത്താൻ ശ്രമിക്കുന്നതും തെറ്റാണ്. സത്യം ഏതെന്നുറപ്പിച്ചതിനു ശേഷം മാത്രം വാർത്തകൾ പങ്കു വെക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top