Advertisement

ഉപാധികൾ അംഗീകരിക്കാതെ പാലായിൽ നിഷയെ സ്ഥാനാർത്ഥിയാക്കില്ലെന്ന് പി.ജെ ജോസഫ്‌

August 27, 2019
1 minute Read

പാലാ ഉപതെരഞ്ഞെടുപ്പിൽ നിഷ ജോസിനെ സ്ഥാനാർത്ഥിയായി അംഗീകരിക്കില്ലെന്ന് പി.ജെ ജോസഫ്. ഉപാധികൾ അംഗീകരിച്ചാൽ മാത്രം ചർച്ച മതിയെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. സ്ഥാനാർത്ഥി നിർണയത്തിനായി നാല് ഉപാധികൾ പി.ജെ ജോസഫ് ജോസ് കെ മാണിക്ക് മുന്നിൽ വെച്ചിട്ടുണ്ട്. ഈ ഉപാധികൾ അംഗീകരിച്ചാൽ മാത്രമേ ചർച്ചയുള്ളൂവെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി. അല്ലാത്ത പക്ഷം വിജയസാധ്യതയുള്ള പൊതുസമ്മതനായ സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്ന് ജോസഫ് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

Read Also; മാണി സാറില്ലാതെ പാലായിൽ ഇതാദ്യത്തെ തെരഞ്ഞെടുപ്പ്

പാലാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പി.ജെ ജോസഫ് -ജോസ് കെ മാണി വിഭാഗങ്ങൾ തമ്മിലുള്ള തർക്കം അടിയന്തരമായി പരിഹരിക്കാൻ ഇന്നലെ യുഡിഎഫിന്റെ നേതൃത്വത്തിൽ ഉഭയകക്ഷി ചർച്ച നടത്തിയിരുന്നെങ്കിലും ചർച്ചയിൽ തീരുമാനമായില്ല. പാലാ സീറ്റിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും എന്നാൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള അവകാശം തനിക്ക് വേണമെന്നുമാണ് പി.ജെ ജോസഫ് യോഗത്തിൽ അറിയിച്ചത്. എന്നാൽ ജോസ് കെ മാണി ഈ ആവശ്യത്തോട് യോജിക്കാൻ തയ്യാറായില്ല. തുടർന്ന് ധാരണയിലെത്താതെ യോഗം പിരിയുകയായിരുന്നു.

Read Also; പാലായിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള അവകാശം തനിക്ക് വേണമെന്ന് ജോസഫ്; പറ്റില്ലെന്ന് ജോസ് കെ മാണി

അതേ സമയം കേരള കോൺഗ്രസിലെ ചെയർമാൻ തർക്കം സംബന്ധിച്ച് കോട്ടയം, കട്ടപ്പന കോടതികളിലുള്ള കേസുകളിൽ ഇന്ന് വിധിയുണ്ടാകും. ജോസ് കെ മാണി കേരള കോൺഗ്രസ് ചെയർമാനായി പ്രവർത്തിക്കുന്നത് തടഞ്ഞുള്ള കോടതി ഉത്തരവ് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കട്ടപ്പന സബ്‌കോടതി ഇന്ന് വിധി പറയുക. ജോസഫ് പക്ഷം വിളിച്ച് കൂട്ടിയ സ്റ്റിയറിംഗ് കമ്മിറ്റി യോഗം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം നൽകിയ ഹർജിയിൽ കോട്ടയം മുൻസിഫ് കോടതിയും ഇന്ന് വിധി പറയും.

Read Also; ‘കൂടെ നിൽക്കുന്നവരെ കൈവിടുന്ന പി ജെ ജോസഫ്, ഗ്രൂപ്പ് യോഗങ്ങളിൽ ചർച്ച ചെയ്യുന്നത് പശുവളർത്തലും കൃഷിയും’

ചെയർമാൻ സ്ഥാനം സംബന്ധിച്ച കോടതി വിധി ഇരുവിഭാഗങ്ങൾക്കും ഏറെ നിർണായകമാണ്. പാലാ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം നാളെ ആരംഭിക്കുന്ന സാഹചര്യത്തിൽ കോടതി വിധിയെ ആശ്രയിച്ചാകും ഇരുവിഭാഗങ്ങളുടെയും അടുത്ത നീക്കങ്ങൾ. കോടതി വിധി പി.ജെ ജോസഫിന് അനുകൂലമായാൽ പാർട്ടി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിലും പാർട്ടി ചിഹ്നം അനുവദിക്കുന്നതിലുമെല്ലാം അന്തിമ വാക്ക് ജോസഫിന്റേത് തന്നെയായിരിക്കും. കേസുകളിൽ തിരിച്ചടി നേരിട്ടാൽ പി.ജെ ജോസഫിനെ അനുനയിപ്പിച്ച് നിഷയെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കങ്ങൾ ജോസ് കെ മാണി വിഭാഗം നടത്താനാണ് സാധ്യത.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top