Advertisement

‘ഫിറോസ് കുന്നംപറമ്പിൽ, ഇനിയെങ്കിലും നിങ്ങൾ ആരെയും മോഹനൻ വൈദ്യരെപ്പോലുള്ളവരുടെ അടുത്തേക്ക് പറഞ്ഞു വിടരുത്’; യുവ ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്

August 28, 2019
0 minutes Read

നാട്ടുവൈദ്യൻ മോഹൻ വൈദ്യരുടെ ചികിത്സയ്ക്കിടെ കുഞ്ഞു മരിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട്, ജീവകാരുണ്യ പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിന് തുറന്ന കത്തുമായി യുവ ഡോക്ടര്‍. സാമൂഹ്യ മാധ്യമങ്ങളില്‍ ലക്ഷക്കണക്കിനു ഫോളോവേഴ്‌സ് ഉള്ള ഫിറോസിനെപ്പോലെയുള്ളവര്‍ ഇത്തരം ചികിത്സകരുടെ സമീപത്തേക്ക് ആളുകളെ പറഞ്ഞയയ്ക്കരുതെന്ന് ഇന്‍ഫോക്ലിനിക് പ്രവര്‍ത്തകന്‍ കൂടിയായ ഡോ പിഎസ് ജിനേഷ് കത്തില്‍ പറയുന്നു. ഫിറോസ് കുന്നംപറമ്പിലിന്റെ ഉപദേശപ്രകാരമാണ് പ്രൊപ്പിയോണിക് അസിഡീമിയ ബാധിച്ച കുഞ്ഞിനെ അച്ഛൻ, മോഹനൻ വൈദ്യരുടെ സമീപത്തേക്ക് ചികിത്സയ്ക്ക് എത്തിച്ചതെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഡോക്ടറുടെ കുറിപ്പ്.

ജിനേഷ് പിഎസിന്റെ കുറിപ്പ്:

ഏഷ്യാനെറ്റ് അവാര്‍ഡ് കാലയളവ് മുതലാണ് താങ്കളെ ശ്രദ്ധിക്കുന്നത്. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ ബഹുമാനവും ഉണ്ടായിരുന്നു.

പക്ഷേ, കഴിഞ്ഞദിവസം മോഹനനെ കുറിച്ചുള്ള വീഡിയോ തീര്‍ത്തും നിരാശപ്പെടുത്തി.

താങ്കള്‍ക്ക് മോഹനനെ നേരിട്ട് അറിയില്ല എന്നു പറഞ്ഞത് മുഖവിലക്കെടുക്കുന്നു. അതുകൊണ്ടുതന്നെ ആരോഗ്യ വിഷയങ്ങളില്‍ അയാള്‍ക്ക് യാതൊരു അറിവും ഇല്ല എന്നത് താങ്കള്‍ക്ക് അറിഞ്ഞുകൂടായിരുന്നു എന്ന് മനസ്സിലാക്കുന്നു.

പക്ഷേ അയാളുടെ ചികിത്സ കൊണ്ട് രണ്ടുപേര്‍ മെച്ചപ്പെട്ടു എന്ന് താങ്കള്‍ ഒരു വീഡിയോയില്‍ പറയുമ്പോള്‍, ഇനിയും ധാരാളം പേര്‍ അത് വിശ്വസിച്ച് മോഹനനെ തേടിയെത്തും. അങ്ങനെ മെച്ചപ്പെട്ടു എന്നുപറയുന്നതില്‍ ഒരാളാണ് ഇപ്പോള്‍ മരിച്ച ആ കുട്ടിയും.

താങ്കള്‍ക്ക് അറിയാത്ത നിരവധി കാര്യങ്ങളുണ്ട്, ഇതേ വിഷയത്തില്‍ തന്നെ. ക്യാന്‍സര്‍ ഇല്ല, ചികിത്സ വേണ്ട എന്നും പറഞ്ഞ് മോഹന്‍ വീട്ടില്‍ വിട്ടവരുണ്ട്. പലരും ഇന്ന് ജീവിച്ചിരിപ്പില്ല, മോഹന്‍ ഇല്ല എന്ന് പറഞ്ഞ അസുഖം ബാധിച്ച് തന്നെ അവര്‍ മരണമടഞ്ഞു. എല്ലാവരും ടെര്‍മിനല്‍ സ്‌റ്റേജ് ക്യാന്‍സര്‍ അവസ്ഥയിലുള്ളവര്‍ ഒന്നുമല്ല. സര്‍ജറിയും കീമോതെറാപ്പിയും ഒക്കെ ഉപയോഗിച്ച് ശാസ്ത്രീയമായ ചികിത്സ ലഭിച്ചാല്‍ രക്ഷപ്പെടുമായിരുന്ന പലരും അക്കൂട്ടത്തിലുണ്ട്. അവരൊക്കെ അശാസ്ത്രീയതയുടെ ഇരകളാണ്.
പക്ഷേ ആരും പരാതി നല്‍കുന്നില്ല, പല കാരണങ്ങളാല്‍.

ഇത് ഞങ്ങള്‍ ആദ്യമായി പറയുന്ന കാര്യം ഒന്നും അല്ല. ഇതുപോലുള്ള വിഷയങ്ങള്‍ പലതവണ പറഞ്ഞിട്ടുണ്ട്.

ഒരാള്‍ മരിക്കുമ്പോള്‍ മാത്രം ഇത് എന്തിനു പറയുന്നു എന്നാണ് താങ്കള്‍ വീഡിയോയില്‍ ചോദിച്ചത്.

ഞങ്ങള്‍ പറയാത്തതല്ല. ഞങ്ങള്‍ നിരന്തരം പറയുന്നത് നിങ്ങള്‍ കേള്‍ക്കാത്തതാണ്. നിങ്ങളുടെ പേര് ഒരു വിഷയത്തില്‍ വന്നപ്പോള്‍ മാത്രമാണ് നിങ്ങള്‍ ശ്രദ്ധിക്കുന്നത്. അതുവരെ അത് നിങ്ങളുടെ പ്രശ്‌നമല്ലായിരുന്നു.

എന്തുകൊണ്ട് നിയമ നടപടി സ്വീകരിക്കുന്നില്ല എന്നാണ് നിങ്ങള്‍ ചോദിച്ചത്. ആ ചോദ്യം ഞങ്ങള്‍ക്കുമുണ്ട്. ഒരു വ്യാജ ചികിത്സകനെതിരെ നിയമനടപടി സ്വീകരിക്കാന്‍ നിലവില്‍ നിയമങ്ങള്‍ ഇല്ലെങ്കില്‍ ആ നിയമം സൃഷ്ടിക്കുക തന്നെ വേണം.

നിങ്ങള്‍ ഇട്ട വീഡിയോയില്‍ കുട്ടിയുടെ അച്ഛന്‍ പറഞ്ഞിട്ടുണ്ട് മോഹനനെ ആറ് തവണ കണ്ടിരുന്നു എന്ന്. ആശുപത്രിയില്‍ നിന്നും ഡോക്ടര്‍ കുറിച്ച മരുന്ന് നിര്‍ത്തണമെന്നും അത് കഴിക്കുമ്പോള്‍ താന്‍ നല്‍കുന്ന മരുന്നിന് പ്രയോജനം ലഭിക്കില്ല എന്നും പറഞ്ഞതായി കുട്ടിയുടെ പിതാവ് പറയുന്നുണ്ട്.

ഇത്രയൊക്കെ ചെയ്തിട്ടും 24 ന്യൂസില്‍ നിന്ന് വിളിക്കുമ്പോള്‍ ചികിത്സിച്ചതായി മോഹന്‍ സമ്മതിച്ചിട്ടില്ല. ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയില്‍ അങ്ങോര്‍ പറയുന്നത് ചികിത്സിച്ചിട്ടില്ല എന്നാണ്. താങ്കളുടെ വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവുള്ള ആളാണ് അദ്ദേഹം എങ്കില്‍ എന്തിനാണ് ഇതൊക്കെ നിരസിക്കുന്നത്.

കാരണം ലളിതമാണ്. പ്രൊപ്പിയോണിക് അസിഡീമിയ എന്തെന്ന് പുള്ളിക്ക് അറിയില്ല. അത് ഓട്ടിസം ആണ് എന്നും പറഞ്ഞ് ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ നിര്‍ത്തിയതിന് ചിലപ്പോള്‍ പണി കിട്ടാന്‍ സാധ്യതയുണ്ട് എന്ന് പുള്ളിക്ക് മനസ്സിലായി.

ഇത് ആദ്യത്തെ സംഭവമല്ല. കേരളം നിപ്പ ഭീതിയില്‍ കഴിഞ്ഞ ഒരു കാലം ഓര്‍മ്മയുണ്ടോ ? ഇരുപതിലധികം കേരളീയരുടെ ജീവന്‍ നഷ്ടപ്പെട്ട ഒരു കാലം, നിപ്പ ബാധിച്ച്. അന്ന് വവ്വാലുകള്‍ ചപ്പിയ പഴങ്ങള്‍ ആഹരിക്കരുത് എന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. അന്ന് അതിനെതിരെ വീഡിയോ ഇറക്കിയ ആളാണ് ഈ മോഹനന്‍. വൈറസ് എന്ന ഒന്ന് ഇല്ല എന്നാണ് അങ്ങോര്‍ പറയുന്നത്. നിപ്പ വൈറസ് ബാധമൂലം മനുഷ്യര്‍ മരണമടഞ്ഞാല്‍ പുള്ളിക്ക് കുഴപ്പമില്ലായിരിക്കും.

ഇത് ഒരു ഉദാഹരണം മാത്രം. ഇതുപോലെ നൂറുകണക്കിന് ഉദാഹരണങ്ങളുണ്ട്. എല്ലാം പറഞ്ഞ് ദീര്‍ഘിപ്പിക്കുന്നില്ല. ഫേസ്ബുക്കില്‍ തന്നെ സാമാന്യയുക്തിക്ക് നിരക്കാത്ത കാര്യങ്ങള്‍ ഇദ്ദേഹം പറയുന്ന വീഡിയോകള്‍ ധാരാളമുണ്ട്. ലിങ്കുകളില്‍ ടാഗ് ചെയ്ത് താങ്കളെ ബുദ്ധിമുട്ടിക്കുന്നില്ല.

പക്ഷേ ഒമ്പത് ലക്ഷത്തോളം പേര്‍ ഫോളോവേഴ്‌സ് ഉള്ള ഒരു വ്യക്തി ഇതൊക്കെ അറിഞ്ഞിരിക്കണം എന്ന് ആഗ്രഹമുള്ളതിനാല്‍ ഇങ്ങനെ എഴുതുന്നതാണ്. കാരണം നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഉണ്ട് എന്നത് തന്നെ. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആള്‍ക്കാര്‍.

അതുകൊണ്ട് കഴിയുമെങ്കില്‍ താങ്കള്‍ മോഹനനെ പോലെയുള്ളവരെ സപ്പോര്‍ട്ട് ചെയ്യരുത്. താങ്കള്‍ക്ക് വ്യക്തമായി അറിയില്ല എന്ന് പറഞ്ഞിട്ട് ആണെങ്കില്‍ പോലും താങ്കള്‍ പറഞ്ഞ അനുഭവസാക്ഷ്യങ്ങള്‍ ജനങ്ങളെ സ്വാധീനിക്കും. താങ്കളുടെ വീഡിയോയില്‍ കേട്ടതു കൊണ്ട് മാത്രം ചിലപ്പോള്‍ അവര്‍ അശാസ്ത്രീയതയുടെ ഇരകളായി മാറുകയും ചെയ്‌തേക്കാം.

എത്രയോ രോഗികളെ താങ്കള്‍ സഹായിച്ചിട്ടുണ്ട്; വൃക്ക മാറ്റിവെക്കാന്‍, കരള്‍ മാറ്റിവയ്ക്കാന്‍, ഹൃദയ ശസ്ത്രക്രിയകള്‍ ചെയ്യാന്‍ അങ്ങനെ എത്രയോ രോഗികളെ… അവിടെയൊക്കെ ശാസ്ത്രീയമായ ചികിത്സാരീതികളെയാണ് ആശ്രയിച്ചത്. അതുകൊണ്ട് ശാസ്ത്രീയമായി ചികിത്സാരീതികള്‍ പിന്തുടരാന്‍ ഫോളോവേഴ്‌സിനോട് ആവശ്യപ്പെട്ടാല്‍ നന്നായിരുന്നു.

സത്യമേ വിജയിക്കൂ, അതുകൊണ്ടുതന്നെ എല്ലാവരും സത്യസന്ധമായ നിലപാടുകള്‍ സ്വീകരിക്കണം എന്ന് താങ്കള്‍ ആ വീഡിയോയില്‍ പറയുന്നുണ്ട്. അത്രയുമേ എനിക്കും പറയാനുള്ളൂ.

എല്ലാ കാര്യങ്ങളും മനസ്സിലാക്കി പോസ്റ്റ് ഇടാനോ പറയാനോ ആര്‍ക്കും സാധിക്കില്ല. പക്ഷേ, പറഞ്ഞ കാര്യത്തില്‍ മനപ്പൂര്‍വമല്ലാതെയാണെങ്കിലും തെറ്റായ സന്ദേശം കടന്നു വന്നാല്‍ അത് തിരുത്താന്‍ സാധിക്കും. സാധിക്കുമെങ്കില്‍ തിരുത്തുക. ചിലപ്പോള്‍ ഈഗോ മൂലമോ ഫോളോവേഴ്‌സിന്റെ സമ്മര്‍ദം മൂലമോ തിരുത്തി പറയാന്‍ സാധിക്കില്ല എന്നാണെങ്കില്‍, ഇനി ആരെയും മോഹനനെ പോലെ ഉള്ളവരുടെ അടുത്തേക്ക് പറഞ്ഞു വിടാതിരിക്കുക. അത്രയെങ്കിലും ചെയ്യണം.

ഞാന്‍ ഒരാള്‍ പറഞ്ഞു എന്നതുകൊണ്ട് മാത്രം ഇങ്ങനെ ഒന്നും ചെയ്യേണ്ട. താങ്കള്‍ തന്നെ ഒന്ന് അന്വേഷിച്ച്, പഠിച്ച്, മനസ്സിലാക്കി ചെയ്താല്‍ മതി. താങ്കള്‍ക്ക് വിശ്വാസം ഉള്ളവരോട് ചോദിച്ച് മനസ്സിലാക്കയ ശേഷം മാത്രം മതി.

നിങ്ങളുടെ വീഡിയോയില്‍ ആദ്യം പറഞ്ഞതുപോലെ 450, 1000 ഇങ്ങനെ വീഡിയോ കാണുന്നവരുടെ എണ്ണം എടുത്ത് പറയാനുള്ള ആരാധകവൃന്ദം ഒന്നുമില്ല. പക്ഷേ, ഞാന്‍ മൂലം ഒരു തെറ്റിദ്ധാരണ ഉണ്ടാവരുത് എന്ന ആഗ്രഹമുണ്ട്. ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റുകളില്‍ വസ്തുതാപരമായി തെറ്റുകള്‍ പറ്റിയിട്ടുമുണ്ട്. പക്ഷേ, ഞാന്‍ പറഞ്ഞത് വസ്തുതാപരമായി തെറ്റാണ് എന്ന് മനസ്സിലാക്കിയാല്‍ പോസ്റ്റ് പിന്‍വലിച്ചു ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുവരെ അഞ്ചോ ആറോ തവണ അങ്ങനെ സംഭവിച്ചിട്ടുണ്ട്.

നിങ്ങളെ കുറ്റപ്പെടുത്താനോ മോശക്കാരനാക്കാനോ വേണ്ടി എഴുതുന്നതല്ല. താങ്കളെപ്പോലെ ഒരാള്‍ ശാസ്ത്രീയ ചികിത്സാരീതിയുടെ പ്രാധാന്യം മനസ്സിലാക്കി, എടുത്തു പറഞ്ഞാല്‍ താങ്കളെ പിന്തുടരുന്ന ലക്ഷക്കണക്കിന് പേര്‍ക്ക് ശരി കാണിച്ചു കൊടുക്കുകയാവും ചെയ്യുക, അതിനാല്‍ മാത്രം എഴുതിയതാണ്.

ഇത്രയും വായിക്കാന്‍ താങ്കള്‍ക്ക് സമയം കിട്ടുമോ എന്നറിയില്ല. സാധിക്കുമെങ്കില്‍ വായിക്കുക.

ആശംസകള്‍ …

അസുഖം ആയിരുന്നു എന്ന് വീഡിയോയില്‍ പറയുന്നത് കേട്ടു. എത്രയും പെട്ടെന്ന് പൂര്‍ണ്ണ ആരോഗ്യവാനായി പ്രവര്‍ത്തനമേഖലയില്‍ തിരിച്ചെത്തട്ടെ എന്നാശംസിക്കുന്നു.

(ഫിറോസ് കുന്നുംപറമ്പിലിനെ മോശക്കാരനാക്കാന്‍ വേണ്ടി ഞാന്‍ മനപ്പൂര്‍വം എഴുതി എന്ന് കമന്റ് ചെയ്ത ചിലരുണ്ട്, അവരോട്. മോഹനന്‍ വിഷയത്തില്‍ അല്ലാതെ ഫിറോസിനെ കുറിച്ച് ഒരു പോസ്റ്റ് പോലും സോഷ്യല്‍ മീഡിയയില്‍ എഴുതാത്ത ആളാണ് ഞാന്‍. അദ്ദേഹത്തെ മോശക്കാരനാക്കുക എന്റെ ലക്ഷ്യമല്ല.)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top