‘ഒരിക്കലും തിരിച്ചെത്താത്ത ഉടമയേയും കാത്ത് ആ പാഠ പുസ്തകം’; കവളപ്പാറയിൽ നിന്നും കരളലിയിപ്പിക്കുന്ന അനുഭവം

കേരളത്തിലുണ്ടായ രണ്ടാം പ്രളയത്തിൽ ഏറ്റവും അധികം ദുരന്തം വിതച്ചത് മലപ്പുറത്തെ കവളപ്പാറയിലാണ്. അവിടെ നിന്നും വന്ന പല വാർത്തകളും അത്രമേൽ വേദനിപ്പിക്കുന്നതും കരളലിയിപ്പിക്കുന്നതുമാണ്. അത്തരത്തിലൊരു അനുഭവമാണ് ഫയർ ആൻഡ് റെസ്‌ക്യു സംഘം ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത്.
മുത്തപ്പൻ കുന്നിലെ വീട്ടിൽ അഞ്ചടിയോളം ഉയരത്തിൽ മണ്ണുനിറഞ്ഞ മുറിക്കുള്ളിൽ കട്ടിലിൽ കിടക്കുന്ന അവസ്ഥയിലായിരുന്നു ഏഴ് വയസുകാരി അലീനയെന്ന് രക്ഷാപ്രവർത്തകർ കുറിച്ചു. കോൺഗ്രീറ്റ് തൂണിനടിയിൽ നിന്നും രക്ഷക്കായ് നീട്ടിയ കൈകളുമായായിരുന്നു കുഞ്ഞ് അലീനയുടെ കിടപ്പ്. ഇനിയും കണ്ടെത്താനുള്ള പതിനൊന്ന് പേർക്കായുള്ള അവസാനഘട്ട തിരച്ചിലിനായി ഒരിക്കൽ കൂടി അലീനയുടെ വീടിരുന്ന സ്ഥലത്ത് മണ്ണു മാന്തിയന്ത്രങ്ങളുമായി എത്തി. ഇനിയൊരിക്കലും ഉടമ തേടിയെത്താത്ത അലീനയുടെ പാഠ പുസ്തകം കൈയിൽ തടഞ്ഞുവെന്നും ഫയർ ആൻഡ് റെസ്‌ക്യു സംഘം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസറ്റിന്റെ പൂർണരൂപം
അവസാന ദിനം കരള് പിളർക്കുന്ന നോവായി
അലീനയുടെ പാഠപുസ്തകവും……
കവളപ്പാറ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന്റെ ആദ്യ ദിനങ്ങളിൽ ഞങ്ങൾ രക്ഷാപ്രവർത്തകരുടെ കണ്ണു നിറച്ച കാഴ്ചകളിൽ ഒന്നായിരുന്നു തകർന്ന് വീണ വീട്ടിലെ കോൺഗ്രീറ്റ് തൂണിനടിയിൽ നിന്നും രക്ഷക്കായ് നീട്ടിയ കൈകളുമായി കുഞ്ഞു അലീനയുടെ കിടപ്പ്!
അച്ഛന്റെ കൈയിൽ നിന്നും പിടി വിട്ട് നൂലിട വ്യത്യാസത്തിലായിരുന്നു അലീനയുടെ ജീവനെടുത്ത് മുത്തപ്പൻ കുന്ന് വീടിന് മുകളിലേക്ക് മലവെള്ളപ്പാച്ചിലിനൊപ്പം ഒലിച്ചിറങ്ങിയത്.
ഇനിയും കണ്ടെത്താനുള്ള പതിനൊന്ന് പേർക്കായുള്ള അവസാനഘട്ട തിരച്ചിലിനായി ഇന്ന് ഒരിക്കൽ കൂടി അലീനയുടെ വീടിരുന്ന സ്ഥലത്ത് മണ്ണുമാന്തി യന്ത്രങ്ങളുമായി എത്തിയപ്പോഴാണ് ഇനിയൊരിക്കലും ഉടമ തേടിയെത്താത്ത ആ പാഠ പുസ്തകം കൈയിൽ തടഞ്ഞത്……
ഇന്ന് തിരച്ചിലവസാനിപ്പിച്ച് മടങ്ങുമ്പോൾ ആ പേരും ആ പുസ്തകവും മനസ്സിന് വല്ലാത്തൊരു ഭാരമാവുന്നു…..
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here