‘സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം ആവശ്യമില്ല’; കരട് നയത്തെ എതിർത്ത് സംഘപരിവാർ സംഘടന

സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം ആവശ്യമില്ലെന്ന് സംഘപരിവാര്‍ സംഘടന. ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതില്ലെന്ന് സംഘപരിവാറുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടിനെ എതിര്‍ത്ത സംഘടന സെക്സ് എന്ന പദം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുന്നതിനെയും എതിർത്തു.
വിദ്യാഭ്യാസ വിദഗ്ധനായ ദിനനാഥ് ബത്രയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ്. സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുന്നതിന് പകരം വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും കൗണ്‍സലിങ് നല്‍കുകയാണ് വേണ്ടതെന്നാണ് ദിനനാഥ് ബത്ര പറയുന്നത്.
സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സെക്‌സ് എന്ന പദം ഉള്‍പ്പെടുത്തുന്നതിനെയും സംഘടന എതിർത്തു. സംഘടയുടെ സെക്രട്ടറിയായ അതുല്‍ കോത്താരിയാണ് ഈ വിഷയത്തിൽ എതിർപ്പറിയിച്ചത്. മാതാപിതാക്കള്‍ക്കും കൗണ്‍സിലിങ് നല്‍കണമെന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ മനുഷ്യ ശരീരത്തേക്കുറിച്ചും അവയവങ്ങളെക്കുറിച്ചും പഠിക്കേണ്ടതുണ്ട്. നിലവില്‍ അവ ശാസ്ത്രപഠനത്തിന്റെ ഭാഗമായി പഠിപ്പിക്കുന്നുണ്ടെന്നും നിര്‍ദ്ദേശം നടപ്പിലാക്കുകയാണെങ്കില്‍ ഉണ്ടാവുന്നത് പ്രതികൂല ഫലങ്ങളാകുമെന്നും അതുല്‍ കോത്താരി പറഞ്ഞു.
സെക്കന്‍ഡറി സ്‌കൂള്‍ തലം മുതല്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ള വിദ്യാഭ്യാസ നയത്തിന്റെ കരടില്‍ പറയുന്നത്. സ്ത്രീകളെ ബഹുമാനിക്കുക, അവരുടെ സുരക്ഷിതത്വം, കുടുംബാസൂത്രണം, ലൈംഗിക രോഗങ്ങള്‍ പകരുന്നത് തടയല്‍ തുടങ്ങിയ കാര്യങ്ങള്‍ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണമെന്ന് കരടില്‍ പറയുന്നു. ആര്‍കെ കസ്തൂരി രംഗന്‍ അധ്യക്ഷനായ സമിതി പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് നിര്‍ദ്ദേശങ്ങള്‍ ഈ വര്‍ഷം മെയ് മാസത്തിലാണ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here