Advertisement

ആമസോണ്‍ കാട്ടുതീ തടയാന്‍ ജി-7 പ്രഖ്യാപിച്ച സഹായം വേണ്ടെന്ന നിലപാട് മാറ്റി ബ്രസീല്‍

August 29, 2019
1 minute Read

ആമസോണ്‍ കാട്ടുതീ തടയാന്‍ ജി-7 പ്രഖ്യാപിച്ച സഹായം വേണ്ടെന്ന നിലപാട് മാറ്റി ബ്രസീല്‍ വീണ്ടും രംഗത്ത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ തനിക്കെതിരെ നടത്തിയ ആക്ഷേപം പിന്‍വലിച്ചാല്‍ സഹായം സ്വീകരിക്കുന്നതു പരിഗണിക്കാമെന്ന് ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബൊല്‍സൊനാരോ പറഞ്ഞു. കാട്ടുതീ തടയാന്‍ രണ്ടു കോടി ഡോളറിന്റെ സഹായമാണ് ജി 7 കൂട്ടായ്മ അനുവദിച്ചത്. വിദേശ സഹായം നിരസിക്കുന്ന ബ്രസീല്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്തിനകത്ത് നടക്കുന്നത്.

ഭൂമിയുടെ ശ്വാസ കോശമെന്നറിയപ്പെടുന്ന ആമസോണ്‍ കാടുകളില്‍ പടര്‍ന്നു കയറുന്ന കാട്ടുതീയുടെ ആശങ്കയിലാണ് ലോകം. കാട്ടുതീ തടയാന്‍ ലോകത്തിന്റെ പലഭാഗത്ത് നിന്നും ബ്രസീലിന് സഹായവാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നു. ജി 7 ഉച്ചകോടിയുടെ പ്രധാന ചര്‍ച്ച വിഷയവും ആമസോണ്‍ കാടുകളിലെ കാട്ടുതീയായിരുന്നു. പിന്നാലെ തീയണയ്ക്കാന്‍ കൂട്ടായ്മ 2 കോടി ഡോളര്‍ ബ്രസീലിന് വാഗ്ദാനം ചെയ്തു.

എന്നാല്‍ ആമസോണ്‍ കാടുകളില്‍ സ്വാധീനം ഉറപ്പക്കാനുള്ള ശ്രമാമായി സഹായത്തെ വിലയിരുത്തിയ ബ്രസീല്‍ വാഗ്ദാനം നിരസിച്ചു. ജി 7 കൂട്ടായ്മ അനുവദിച്ച തുക ഫ്രഞ്ച് പ്രസിഡന്റിനോട് യൂറോപ്പിലെ വനവത്കരണത്തിനായി ഉപയോഗിക്കാന്‍ പ്രസിഡന്റ് ജയിര്‍ ബോല്‍സനാരോ ആവശ്യപ്പെടുകയും ചെയ്തു.നേത്രഡാം കത്തീഡ്രലിലെ തീയണയ്ക്കാന്‍ സാധിക്കാത്ത ഫ്രാന്‍സാണ് നീക്കങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നതെന്നും ബൊല്‍സനാരോ പരിഹസിച്ചു. ബ്രസീല്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് നടന്നത്. പിന്നാലെ നിലപാട് മാറ്റി ബ്രസീല്‍ രംഗത്തെത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ തനിക്കെതിരെ നടത്തിയ ആക്ഷേപം പിന്‍വലിച്ചാല്‍ സഹായം സ്വീകരിക്കുന്നതു പരിഗണിക്കാമെന്ന് ബൊല്‍സനാരോ വ്യക്തമാക്കി.

അതേ സമയം, ആമസോണ്‍ വനമേഖലയില്‍, ബ്രസീലിലും ബൊളീവിയയിലുമായി 10,000 ചതുരശ്ര കിലോമീറ്ററോളം പ്രദേശത്തു വ്യാപിച്ച തീ ഉടനെയെങ്ങും അണയില്ലെന്നാണ് റിപ്പോര്‍ട്ട്. മഴ പെയ്യുന്നുണ്ടെങ്കിലും തീ അണയ്ക്കാന്‍ കഴിയുംവിധം ശക്തമായ മഴ ഇതുവരെ ലഭിച്ചിട്ടില്ല. വ്യാപകമായും പതിവായും മഴ ലഭിച്ചാല്‍ മാത്രമേ തീ പൂര്‍ണമായി അണയ്ക്കാന്‍ കഴിയൂ. അതിന് ഒക്ടോബര്‍ വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top