സിസ്റ്റർ അഭയ കേസ്; കൊല നടന്ന ദിവസം ഫാദർ തോമസ് കോട്ടൂരിനെയും, ജോസ് പുതൃകയലിനെയും കോൺവെന്റിൽ കണ്ടുവെന്ന മൊഴിയിൽ ഉറച്ച് മുഖ്യസാക്ഷി

സിസ്റ്റർ അഭയ കേസിന്റെ വിചാരണ വേളയിൽ നിർണായക മൊഴിയിലുറച്ചു മുഖ്യ സാക്ഷി രാജു ഏലിയാസ്. അഭയ കൊല്ലപ്പെട്ട ദിവസം ഫാദർ തോമസ് കോട്ടൂരിനെയും, ജോസ് പുതൃകയലിനെയും കോൺവെന്റിൽ കണ്ടുവെന്നാണ് രാജുവിന്റെ മൊഴി. കൊലക്കുറ്റം ഏറ്റെടുക്കാൻ ക്രൈം ബ്രാഞ്ച് സംഘം ആവശ്യപ്പെട്ടതായി രാജു കോടതിയിൽ വെളിപ്പെടുത്തി.
കേസിൽ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നതിനിടെയാണ് മുഖ്യ സാക്ഷി രാജു ഏലിയാസ് കോടതിയിൽ പ്രതികൾക്കെതിരെ നിർണ്ണായക മൊഴി നൽകിയത്. വിസ്താരത്തിനു മുൻപ് രാജുവിനെ ബൈബിളിൽ തൊട്ടു സത്യം ചെയ്യിപ്പിച്ചു.
Read Also : അഭയ കേസിലെ സാക്ഷി സിസ്റ്റർ അനുപമ കൂറുമാറി
അഭയകൊല്ലപ്പെട്ട ദിവസം രാത്രി ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിനെയും, ജോസ് പുതൃകയലിനെയും കോൺവെന്റിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെന്നു രാജു കോടതിയിൽ ആവർത്തിച്ചു.ഇരുവരും കോൺവെന്റിന്റെ സ്റ്റെയർ കേസിൽ നിൽക്കുകയായിരുന്നുവെന്നാണ് മൊഴി.
രാജു മോഷണത്തിനായി കോൺവെന്റിലെത്തിയപ്പോഴാണ് ഇവരെ കണ്ടതെന്നായിരുന്നു സിബിഐ കണ്ടെത്തൽ. തോമസ് കോട്ടൂരിനെ കോടതിയിൽ വെച്ച് രാജു തിരിച്ചറിയുകയും ചെയ്തു. കൂടാതെ കൊലക്കുറ്റം ഏറ്റെടുക്കാൻ ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം തന്നോട് ആവശ്യപ്പെട്ടതായി രാജു വെളിപ്പെടുത്തി. രണ്ട് ലക്ഷം രൂപയും, വീട് വെച്ച് നൽകാനുള്ള സഹായവും, കുട്ടികളുടെ പഠനചിലവും നൽകാമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാഗ്ദാനമെന്നും രാജു കോടതിയിൽ പറഞ്ഞു. സ്വാധീനിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ കണ്ടാൽ തിരിച്ചറിയുമെന്നും രാജു വെളിപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here