ഇന്ത്യ എ – ദക്ഷിണാഫ്രിക്ക എ ഏകദിന ക്രിക്കറ്റ് പരമ്പര നാളെ

ഇന്ത്യ എ- ദക്ഷിണാഫ്രിക്ക എ ഏകദിന ക്രിക്കറ്റ് പരമ്പര നാളെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടങ്ങും. തലസ്ഥാനത്തെത്തിയ ഇരു ടീമുകളും സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. ടീമുകള്‍ തമ്മിലെ പോരാട്ടത്തിലുപരി സീനിയര്‍ ടീമില്‍ ഇടം നേടാനുളള പോരാട്ടം കൂടിയാണ് അംഗങ്ങള്‍ക്ക് ഈ മത്സരം.
അതേ സമയം, വീണ്ടും ക്രിക്കറ്റ് വിരുന്നെത്തുന്നതിന്റെ ആവേശത്തിലാണ് തലസ്ഥാനം. സീനിയര്‍ ടീമുകളില്‍ കളിച്ച പ്രമുഖ കളിക്കാര്‍ ഇരു ടീമുകളിലുമുണ്ട്. മനീഷ് പാണ്ഡെ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ യുസ്വേന്ദ്ര ചഹല്‍, ക്രുനാല്‍ പാണ്ഡ്യ, ദീപക് ചഹര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ഖലീല്‍ അഹമ്മദ്, വിജയ് ശങ്കര്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്ത് കളിക്കാനിറങ്ങും. മധ്യനിരയിലെയും ബൗളിങിലെയും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തെയും സാധ്യതകള്‍ നോട്ടമിട്ടാണ് ശ്രേയസ്സ് അയ്യരും മനീഷ് പാണ്ഡെയും ഷുബ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും സഞ്ചു സാംസണും ഉള്‍പ്പെടെയുളളവര്‍ രംഗത്തിറങ്ങുന്നത്.
ഹെന്റിക് ക്ലാസന്‍, ലുങ്കി എന്‍ഗിഡ്, മര്‍ക്കാറാം, ബാവുമ തുടങ്ങിയ പ്രമുഖരുടെ നിര ദക്ഷിണാഫ്രിക്കന്‍ എ ടീമിലും ഉണ്ട്. ഡിവില്ലേഴ്‌സിന്റെയും ഹാഷിം ആലയുടെയും ഡുമിനിക്കിന്റെയുമെല്ലാം പകരക്കാരാകാന്‍ ലക്ഷ്യമിട്ടാണ് മര്‍ക്കാറാമും ബാവുമയും ക്ലാസനും പാടണിയുന്നത്. നാളെ തുടങ്ങി ഒന്നിടവിട്ട ദിനങ്ങളിലാണ് അഞ്ച് ഏകദിന മത്സരങ്ങള്‍. അവസാന രണ്ട് ഏകദിനങ്ങളില്‍ സഞ്ജു സാംസണും കളിക്കും. ആദ്യ മൂന്നു മത്സരങ്ങളില്‍ മനീഷ് പാണ്ഡെയും അവസാനത്തെ രണ്ടില്‍ ശ്രേയസ് അയ്യരുമാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here