അധികാര തര്‍ക്കത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ യോഗം
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭരണമാറ്റത്തിന് ശേഷമുള്ള ആദ്യ കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം. ഡെപ്യൂട്ടി മേയറുടെ അധികാരത്തെച്ചൊല്ലി ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് തര്‍ക്കത്തിനിടായാക്കിയത്.
എല്‍ഡിഎഫിന് മേയര്‍ സ്ഥാനം നഷ്ടമായതിന് ശേഷം കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നടന്ന ആദ്യ കൗണ്‍സില്‍ യോഗത്തിന്റെ തുടക്കം തന്നെ ബഹളത്തിലായിരുന്നു. കൗണ്‍സില്‍ യോഗവും അജണ്ടയും അറിയിച്ചു കൊണ്ടുള്ള കത്തില്‍ മേയര്‍ എന്നു കാണിച്ച് ഒപ്പിടാന്‍ പികെ രാഗേഷിന് അവകാശമില്ലെന്ന് പറഞ്ഞാണ് തര്‍ക്കം തുടങ്ങിയത്. എല്‍.ഡി.എഫ് അംഗങ്ങള്‍ ക്രമ പ്രശ്‌നമായി ഇക്കാര്യം ഉയര്‍ത്തിക്കാട്ടി. എന്നാല്‍ ഇതിനെ ഡപ്യൂട്ടി മേയര്‍ പികെ രാഗേഷ് തള്ളിക്കളഞ്ഞതോടെ പ്രതിപക്ഷം ഡയസിന് ചുറ്റുമെത്തി ബഹളം വെച്ചു.
നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കിയെങ്കിലും അജണ്ടയെ ചൊല്ലിയായിരുന്നു അടുത്ത തര്‍ക്കം. 138 അജണ്ടകളാണ് പരിഗണനക്ക് വന്നത്. ആദ്യ 9 അജണ്ടകള്‍ ഒരുമിച്ച് വായിച്ചപ്പോള്‍ പ്രതിപക്ഷം ഇടപെട്ടു. ഡപ്യൂട്ടി മേയര്‍ ഏകപക്ഷീയമായി അജണ്ടകള്‍ പാസാക്കാന്‍ ശ്രമിക്കുകയാണന്നായിരുന്നു എല്‍ഡിഎഫിന്റെ ആരോപണം. ഇതോടെ യുഡിഎഫ് കൗണ്‍സിലര്‍മാരും ബഹളം തുടങ്ങി. അടുത്ത മാസം നാലിനാണ് പുതിയ മേയറെ തെരഞ്ഞെടുക്കുക. യുഡിഎഫ് പക്ഷത്തേക്ക് മാറിയ ഡെപ്യൂട്ടി മേയര്‍ പികെ രാഗേഷിനെതിരേ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം രണ്ടാം തീയതി ചര്‍ച്ചക്കെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here