പ്രളയ പ്രതിസന്ധിയിലും ഓണം ആര്‍ഭാടമായി ആഘോഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

പ്രളയം തീര്‍ത്ത പ്രതിസന്ധിയിലും ഓണം ആര്‍ഭാടമായി ആഘോഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. തലസ്ഥാനത്തെ ഓണം വാരാഘോഷം പൊലിമയോടെ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.
സംസ്ഥാനം വന്‍ പ്രളയക്കെടുതി നേരിട്ടതിനാല്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാരിന്റെ ഓണാഘോഷം റദ്ദാക്കിയിരുന്നു. ഇത്തവണ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷത്തിന് പൊലിമ കുറയുമെന്ന് കരുതിയെങ്കിലും ആര്‍ഭാടമായി നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. സെപ്റ്റംബര്‍ 10ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന ഓണം വാരാഘോഷം 16ന് വര്‍ണാഭമായ ഘോഷയാത്രയോടെയാകും അവസാനിക്കുക.
കവടിയാര്‍ മുതല്‍ മണക്കാട് ജംഗ്ഷന്‍ വരെയുളള റോഡിന്റെ ഇരുവശത്തും വൈദ്യുത ദീപാലങ്കാരം നടത്തും. ദീപാലങ്കാരത്തിന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്‍ വര്‍ഷങ്ങളിലേതുപോലെ തനത് ഫണ്ടില്‍ നിന്നും ഒന്നരലക്ഷം രൂപ ചെലവഴിക്കാം. സമാപന ഘോഷയാത്രയില്‍ ഫ്‌ലോട്ടുകള്‍ അവതരിപ്പിക്കുന്നതിന് തനത് ഫണ്ടില്‍ നിന്നും 4 ലക്ഷം രൂപ വരെ ചെലവിടാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പ്രളയക്കെടുതിയില്‍ അടിയന്തര സഹായം ഇനിയും വിതരണം ചെയ്യാത്തതിനിടെയാണ് ആര്‍ഭാടമായ സര്‍ക്കാര്‍ ഓണാഘോഷം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here