‘പൊതു ഇടങ്ങളിൽ ഇനി വാ തുറക്കരുത്’; പ്രജ്ഞ സിംഗ് താക്കൂറിന് ബിജെപി നേതൃത്വത്തിന്റെ ശാസനം

കേന്ദ്രമന്ത്രിമാരായിരുന്ന അരുൺ ജെയ്റ്റ്‌ലിയുടേയും സുഷമ സ്വരാജിന്റേയും മരണത്തിന് പിന്നിൽ ദുർശക്തികളാണെന്ന മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയും ബിജെപി എംപിയുമായ പ്രജ്ഞ സിംഗ് താക്കൂറിന്റെ പരാമർശത്തിൽ ഇടപെട്ട് സംസ്ഥാന നേതൃത്വം. പ്രജ്ഞ സിംഗിന്റെ ഇത്തരം പ്രസ്താവനകൾ പാർട്ടിക്ക് തിരിച്ചടിയാകുന്ന ഘട്ടത്തിലാണ് എംപിയുടെ പ്രസ്താവനക്കെതിരെ നേതൃത്വം രംഗത്തെത്തിയത്. പൊതുവിടങ്ങളിൽ ഇനി വാ തുറക്കരുതെന്നാണ് പ്രജ്ഞ സിങ്ങിന് പാർട്ടി നൽകിയിരിക്കുന്ന നിർദേശം.
ബിജെപിയുടെ മുതിർന്ന നേതാക്കളെ കൊലപ്പെടുത്താൻ ദുഷ്ട ശക്തികളെ പ്രതിപക്ഷം ഉപയോഗിക്കുന്നെന്ന പ്രജ്ഞയുടെ പ്രസ്താവന വിവാദമായതോടെ സംസ്ഥാന നേതൃത്വത്തോട് കേന്ദ്രനേതൃത്വം വിശദീകരണം തേടിയിരുന്നു. ഇനി ഇത്തരത്തിലുള്ള പ്രസ്താവനകൾ പ്രജ്ഞ സിംഗിന്റെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന കർശന നിർദേശമാണ് പാർട്ടി നൽകിയിരിക്കുന്നത്.
Read more: ‘അരുൺ ജെയ്റ്റ്‌ലിയുടേയും സുഷമയുടേയും മരണത്തിന് കാരണം ദുർമന്ത്രവാദം’: പ്രജ്ഞ സിംഗ് താക്കൂർ
അരുൺ ജെയ്റ്റ്‌ലിയുടേയും സുഷമ സ്വരാജിന്റേയും മരണത്തിന് കാരണം ദുർമന്ത്രവാദമാണെന്നും ഇതിന് പിന്നിൽ പ്രതിപക്ഷമാണെന്നുമായിരുന്നു പ്രജ്ഞ പറഞ്ഞത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിനിടെ തങ്ങളുടേത് മോശം സമയമാണെന്ന് ഒരു സന്യാസി പറഞ്ഞിരുന്നുവെന്നും പ്രജ്ഞ പറഞ്ഞിരുന്നു. ബിജെപിക്കെതിരെ പ്രതിപക്ഷം മാരക ശക്തികളെ ഉപയോഗിക്കുന്നുണ്ടെന്നും സന്യാസി പറഞ്ഞതായി പ്രജ്ഞ പറഞ്ഞു. മുതിർന്ന നേതാക്കൾ ഓരോരുത്തരായി വിട്ടുപോകുമ്പോൾ സന്യാസിയാണ് ശരിയെന്ന് വിശ്വസിക്കാൻ താൻ നിർബന്ധിതയാകുകയാണെന്നും പ്രജ്ഞ പറഞ്ഞിരുന്നു. ഇത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here