പ്രതിഫലം തരാതെ പല നിർമാതാക്കളും തന്നെ പറ്റിച്ചിട്ടുണ്ടെന്ന് ധനുഷ്; വിവാദം

പല നിര്‍മാതാക്കളും പ്രതിഫലം തരാതെ തന്നെ പറ്റിച്ചിട്ടുണ്ടെന്ന് നടൻ ധനുഷ്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന അസുരന്റെ ഓഡിയോ ലോഞ്ചിനിടയിലാണ് താരം നിര്‍മാതാക്കള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഇന്നത്തെ കാലത്ത് വളരെ ചുരുക്കം നിര്‍മാതാക്കളില്‍ നിന്നേ മുഴുവന്‍ പ്രതിഫലം ലഭിക്കുകയൂള്ളുവെന്നും പലരും കബളിപ്പിച്ചിട്ടുണ്ടെന്നുമായിരുന്നു ധനുഷിൻ്റെ ആരോപണം.

ആടുകളം എന്ന ചിത്രത്തിലൂടെ അഭിനയത്തിനും കാക്കമുട്ടൈ, വിസാരണൈ എന്നീ ചിത്രങ്ങളിലൂടെ നിർമ്മാണത്തിനും ദേശീയ പുരസ്‌കാരത്തിനര്‍ഹനായ ആളാണ് ധനുഷ്. അദ്ദേഹത്തിന്റെ വാക്കുകള്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്. പ്രശസ്ത നിർമാതാവ് അഴകപ്പൻ ധനുഷിനെതിരെ പരസ്യമായി രംഗത്തു വന്നു. തമിഴിലെ നിര്‍മാതാക്കളെയെല്ലാം പ്രതിക്കൂട്ടിലാക്കുന്ന പരാമര്‍ശമാണ് ധനുഷിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘സൂപ്പര്‍ താരങ്ങള്‍ കോടികളാണ് പ്രതിഫലം വാങ്ങുന്നത്. രജനികാന്ത് 70-60 കോടി വരെ. അവരുടെ ചിത്രങ്ങള്‍ പരാജയപ്പെട്ടാല്‍ നിര്‍മാതാക്കളുടെ കഥ അവിടെ തീരും. അത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ട് ധനുഷ് അതെക്കുറിച്ച് പറയുന്നില്ല’- അഴകപ്പന്‍ ചോദിക്കുന്നു. ധനുഷിനൊപ്പം മുഖാമുഖമിരുന്ന് സംവാദം നടത്താന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവം വിവാദമായപ്പോള്‍ നവ മാധ്യമങ്ങളില്‍ ധനുഷിനെ പിന്തുണച്ച് ആരാധകര്‍ രംഗത്തെത്തി. ഐ സ്റ്റാന്റ് വിത്ത് ധനുഷ് എന്ന ഹാഷ്‌ടാഗോടെയാണ് ആരാധകർ പിന്തുണ അറിയിക്കുന്നത്. ട്വിറ്ററിൽ ഈ ഹാഷ്ടാഗ് ഏറെ നേരം ട്രെൻഡിംഗ് ആയിരുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More