ജേക്കബ് തോമസ് സർവീസിലേക്ക് തിരിച്ചെത്തിയേക്കും

ജേക്കബ് തോമസ് സർവീസിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് സൂചന. ഇക്കാര്യം ശുപാർശ ചെയ്തുകൊണ്ടുള്ള ഫയൽ ആഭ്യന്തര വകുപ്പ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കൈമാറി. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കേണ്ടിവരുമെന്നാണ് ശുപാർശയിൽ പറയുന്നത്. മുഖ്യമന്ത്രിയായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
ജേക്കബ് തോമസിന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് നിർദേശിച്ചുകൊണ്ട് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. ഡിജിപി റാങ്കിലുള്ള സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെ അധികം നാൾ സസ്‌പെൻഷനിൽ പുറത്തുനിർത്താനാകില്ലെന്ന് ട്രിബ്യൂണൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ജേക്കബ് തോമസിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനമൊന്നും കൈക്കൊണ്ടില്ല. ഇക്കാര്യം സൂചിപ്പിച്ച് ജേക്കബ് തോമസ് വീണ്ടും ട്രിബ്യൂണലിനെ സമീപിച്ച് കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ വാക്കാൽ വിശദീകരണം തേടിയതിന് പിന്നാലെയാണ് ആഭ്യന്തര സെക്രട്ടറി ഫയൽ കൈമാറിയിരിക്കുന്നത്.
അഴിമതി വിരുദ്ധദിനമായ ഡിസംബർ ഒൻപതിന് ജേക്കബ് തോമസ് നടത്തിയ പ്രസംഗമാണ് സസ്‌പെൻഷന് കാരണം. ഓഖി രക്ഷാപ്രവർത്തനത്തിന്റെ പേരിൽ ഏറെ പഴികേട്ട സംസ്ഥാന സർക്കാരിനെ കൂടുതൽ പ്രതിക്കൂട്ടിൽ നിർത്തുന്ന പ്രതികരണമാണ് ജേക്കബ് തോമസിൽ നിന്നുണ്ടായതെന്നാണ് ചീഫ് സെക്രട്ടറി സർക്കാരിന് നൽകിയ റിപ്പോർട്ട്. ഇതേതുടർന്നാണ് അഖിലേന്ത്യാ സർവ്വീസ് ചട്ടപ്രകാരം സംസ്ഥാന സർക്കാർ ജേക്കബ് തോമസിനെതിരെ നടപടിയെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here