ദേശീയ പൗരത്വ പട്ടിക ഇന്ന് പുറത്തുവിടും; അസമിൽ കനത്ത സുരക്ഷ

ദേശീയ പൗരത്വ പട്ടിക ഇന്ന് പുറത്ത് വിടും. എത്ര പേർ രാജ്യത്തിന് പുറത്തേക്ക് പോകേണ്ടി വരുമെന്ന ആശങ്കയിലാണ് അസമിലെ ഒരു വിഭാഗം ജനങ്ങൾ. പട്ടിക പുറത്ത് വിടുന്ന പശ്ചാത്തലത്തിൽ അസമിലെ സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിച്ചു. തലസ്ഥാനമായ ഗുവാഹത്തിയിൽ അടക്കം സംഘർഷാവസ്ഥ കണക്കിലെടുത്ത് നിരോധനാജ്ഞ നിലവിൽ വന്നു.
2013 ലാണ് ദേശീയ പൗരത്വ പട്ടിക പുതുക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചത്. കഴിഞ്ഞ ജൂലൈ 30 നകം പട്ടിക പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ പ്രകൃതി ക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു.
അസം അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം ഇന്ത്യയിൽ വർധിക്കുന്നതായുള്ള പരാതിയെ തുടർന്നാണ് ദേശീയ പൗരത്വ പട്ടിക പുതുക്കി പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. 2018 ജൂലായ് 30 ന് പ്രസിദ്ധീകരിച്ച ആദ്യകരട് പട്ടികയിൽ നിന്ന് ധാരാളം പേർ പുറത്തായതായി. 2019 ജൂൺ 26 ന് രണ്ടാം കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഒരു ലക്ഷത്തോളം പേർ പട്ടികയിൽ ഇടം കിട്ടിയില്ല. അന്തിമപട്ടികയിൽ പേരുണ്ടാകുമോ എന്ന ആശങ്കയിലാണ് പതിനായിര കണക്കിന് ജനങ്ങൾ. പട്ടികയിൽ പേരില്ലെങ്കിൽ എവിടേക്ക് പോകണമെന്നറിയാത്ത അവസ്ഥയിലാണവർ. എല്ലാ അസം പൗരന്മാർക്കും പട്ടികയിൽ ഇടം നേടാനുള്ള അവസരം നൽകുമെന്ന് സംസ്ഥാനസർക്കാർ ഉറപ്പ് നൽകിയതായി കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ഔദ്യോഗിക അറിയിപ്പുണ്ട്. പട്ടികയിൽ പേരില്ലെങ്കിൽ ട്രിബ്യൂണലിനെ സമീപിക്കാൻ അവസരമുണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here