പേരാമ്പ്ര സില്‍വര്‍ കോളജില്‍ പാകിസ്താൻ പതാകഉയര്‍ത്തിയ സംഭവം; എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട് പേരാമ്പ്രയിലെ സിൽവർ കോളജിൽ പാകിസ്താൻ പതാക ഉയർത്തിയെന്ന പരാതിയിൽ എംഎസ്എഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. എന്നാൽ ഉപയോഗിച്ചത് പാക് പതാക അല്ലെന്നും എംഎസ്എഫ് പതാക തല തിരിച്ച് ഉപയോഗിച്ചതാണ് വിവാദത്തിന് കാരണമെന്നുമാണ് എംഎസ്എഫിന്റെ വിശദീകരണം. വിഷയത്തിൽ മുഖ്യമന്ത്രിയെ കാണുമെന്ന് എംഎസ്എഫ് സംസ്ഥാന കമ്മറ്റി അറിയിച്ചു.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രചാരണത്തിൽ എംഎസ്എഫ് പ്രവർത്തകർ പാക് പതാക ഉയർത്തിയെന്നാണ് പരാതി. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ വിവാദമായതോടെ കണ്ടാലറിയാവുന്ന 30 എംഎസ്എഫ് പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പൊലീസിന്റെ നിർദേശ പ്രകാരം പ്രവർത്തകർ പതാക സ്റ്റേഷനിൽ ഹാജരാക്കി. പതാക തല തിരിച്ച് ഉപയോഗിച്ചതും എംഎസ്എഫ് എന്ന് എഴുതാതിരുന്നതും ആണ് തെറ്റിദ്ധാരണക്ക് കാരണം എന്ന് നേതാക്കാൾ വിശദീകരിച്ചു.
പാക് പതാകയിലെയും എംഎസ്എഫ് പതാകയും തമ്മിലുള്ള സാമ്യമാണ് വിനയായത്. നേരത്തെ ക്യാംമ്പസിനകത്ത് ഈ പതാക ഉയർത്തിയത് ശരിയായ രീതിയിൽ തന്നെയായിയിരുന്നുവെന്ന് ഫോട്ടോ സഹിതം എംഎസ്എഫ് പ്രവർത്തകർ വാദിക്കുന്നു. സംഭവത്തിൽ കേന്ദ്ര ഇൻറലിജൻസ് വിഭാഗം കോളേജിലെത്തി അന്വേഷണം നടത്തി. പ്രതിഷേധം ശക്തമായതോടെ പേരാമ്പ്ര മേഖലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here