പി സദാശിവം പടിയിറങ്ങുന്നു; ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറാകും

മുൻ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറാകും. നിലവിലെ ഗവർണർ പി സദാശിവത്തിന്റെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. ഉത്തർപ്രദേശ് ബുലന്ദ്ഷഹർ സ്വദേശിയാണ് ആരിഫ് ഖാൻ. മറ്റ് സംസ്ഥാനങ്ങളിലെ ഗവർണർമാരെയും രാഷ്ട്രപതി പ്രഖ്യാപിച്ചു.
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് ഗവർണർമാരെ പ്രഖ്യാപിച്ചത്. കേരളത്തെ കൂടാതെ തെലങ്കാന, രാജസ്ഥാൻ, മഹാരാഷ്ട്ര, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഗവർണർ നിയമനം നടക്കുക. തമിൾ ഇസൈ സൗന്ദർരാജനാണ് തെലങ്കാനയുടെ പുതിയ ഗവർണർ. കൽരാജ് മിശ്ര രാജസ്ഥാന്റേയും ഭഗത് സിംഗ് കോഷ്യാരി മഹാരാഷ്ട്രയുടേയും ഗവർണറാകും. ബന്ദാരു ദത്താത്രേയയാണ് ഹിമാചൽപ്രദേശിന്റെ പുതിയ ഗവർണർ. രാഷ്ട്രപതി ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
മുസ്ലീം സമുദായത്തിന്റെ പരിഷ്‌ക്കാരം സംബന്ധിച്ച് ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാൻ. മുത്തലാഖ് നിരോധനത്തെ അദ്ദേഹം പിന്തുണച്ചിരുന്നു. മൂന്ന് വർഷത്തെ തടവ് എന്ന നിർദേശം മുന്നോട്ടുവച്ചത് ആരിഫ് മുഹമ്മദായിരുന്നു. രാജീവ് ഗാന്ധി മന്ത്രിസഭയിൽ അംഗമായിരുന്നു. പതിനഞ്ച് വർഷമായി സജീവ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ചയോട് കൂടി അദ്ദേഹം കേരള ഗവർണറായി ചുമതലയേൽക്കുമെന്നാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here