സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപ വിവരങ്ങൾ ഇന്ന് മുതൽ ഇന്ത്യയ്ക്ക് ലഭിക്കും

സ്വിസ് ബാങ്കുകളിൽ ഇന്ത്യക്കാർ നടത്തിയിട്ടുള്ള നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ ഇന്ന് മുതൽ ഇന്ത്യക്ക് ലഭിക്കും. കഴിഞ്ഞ വർഷം ക്‌ളോസ് ചെയ്ത അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെയാണ് ലഭ്യമാകുക.
ഇന്ത്യയും സ്വിറ്റ്സർലാൻഡും ഏറെക്കാലമായി തുടരുന്ന ചർച്ചകൾക്കൊടുവിലാണ് സ്വിസ് ബാങ്ക് നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യക്ക് കൈമാറാൻ ധാരണയായത്. വിവരങ്ങൾ ദേശീയ പ്രത്യക്ഷ നികുതി ബോർഡിനാണ് കൈമാറുന്നത്. കഴിഞ്ഞമാസം സ്വിസ് പ്രതിനിധി സംഘം അവസാനവട്ട ചർച്ചകൾക്കായി ഇന്ത്യയിൽ എത്തിയിരുന്നു.
റവന്യൂ സെക്രട്ടറി എ.ബി പാണ്ഡെ അടക്കം ഉന്നത ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയിൽ കരാർ ഒപ്പുവെയ്ക്കുകയും ചെയ്തു. ഇതോടെ സ്വിസ് ബാങ്ക് അക്കൗണ്ടുകളുടെ രഹസ്യ സ്വഭാവം നഷ്ടമായി. സ്വിസ് ബാങ്കുകളിൽ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങളും തുകയും അടക്കം ഇനി നികുതി വകുപ്പിന് ലഭിക്കും. കള്ളപ്പണത്തിനെതിരെയുള്ള നിർണായക ചുവടുവയ്പ്പാണിതെന്ന് ദേശീയ പ്രത്യക്ഷ നികുതി ബോർഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here