മനുഷ്യക്കടത്ത് കേസിൽ ഒളിവിലായിരുന്ന ഗ്രീൻചാനൽ ഉടമ പിടിയിൽ

മതപരമായ ചടങ്ങിന്റെ മറവിൽ മനുഷ്യക്കടത്തു ആസൂത്രണം ചെയ്ത ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ. ഗ്രീൻ ചാനൽ ഉടമ അനിൽ ജോസിനെ കോഴിക്കോട് നിന്നാണ് കൊച്ചി പൊലീസ് പിടികൂടിയത്. സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ ഇയാൾ രണ്ടു മാസമായി ഒളിവിലായിരുന്നു. വീണ്ടും മനുഷ്യക്കടത്തിന് നീക്കം നടക്കുന്നുണ്ടെന്ന സിഐഡി
24 വാർത്തയെ തുടർന്നാണ് പൊലീസ് അനിൽ ജോസിനെ പിടികൂടിയത്.
സിസ്റ്റർ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന്റെ മറവിൽ ഇറ്റലിയിലേയ്ക്ക് മനുഷ്യക്കടത്തിന് നീക്കം നടക്കുന്നുണ്ടെന്ന വാർത്ത സിഐഡി 24 പരിപാടിയാണ് പുറത്തുവിട്ടത്. ഇതിന് പിന്നിൽ ഗ്രീൻ ചാനൽ ഉടമ അനിൽ ജോസാണെന്നും തെളിവ് സഹിതം 24 റിപ്പോർട്ട് ചെയ്തിരുന്നു. ഹോളി ഫാമിലി കോൺഗ്രിഗേഷനിലെ കന്യാസ്ത്രീകളെ വത്തിക്കാനിലേയ്ക്ക് കൊണ്ടുപോകുന്നതിനായി കരാർ ഏറ്റെടുത്ത അനിൽ ജോസ്, ഇതിന്റെ മറവിൽ യുവാക്കളെയും കടത്താനായി നീക്കം നടത്തിയത്. ഒട്ടേറെ പേരിൽ നിന്ന് ലക്ഷങ്ങൾ ഇതിന്റെ പേരിൽ ഇയാൾ തട്ടി. നേരത്തെ ഇസ്രയേലിലേക്ക് യുവാക്കളെ കടത്താമെന്ന് വാഗ്ദാനം ചെയ്തും പണം തട്ടിയിരുന്നു. ഇതേ തുടർന്ന് പൊലീസ് വാറന്റ് പുറപ്പെടുവിച്ചതോടെ ഗ്രീൻ ചാനൽ സ്ഥാപനം അടച്ചു പൂട്ടി അനിൽ ജോസ് ഒളിവിൽ പോവുകയായിരുന്ന്.
തുടർന്ന് ഹാപ്പി ഡെയ്സ് എന്ന പേരിൽ പുതിയ ട്രാവൽ ഏജൻസിക്ക് തുടക്കമിട്ടാണ് വീണ്ടും തട്ടിപ്പിന് ആസൂത്രണം ചെയ്തത്. ഇക്കാര്യം 24 പുറത്തുവിട്ടതിനെ തുടർന്ന് അനിൽ ജോസിനായി തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ സ്ക്വാഡ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഇയാൾക്കായി തിരച്ചിൽ നടത്തുകയും പുലർച്ചെ കോഴിക്കോട് നിന്ന് പിടികൂടുകയുമായിരുന്നു. കൊച്ചിയിൽ എത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here