പിഎസ്‌സിയിൽ വീണ്ടും കോപ്പിയടി വിവാദം; ഇത്തവണ കോപ്പിയടിച്ചത് ചോദ്യങ്ങൾ

പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ കോപ്പിയടി വിവാദത്തിനു പിന്നാലെ പരീക്ഷാ ചോദ്യങ്ങൾ ‘കോപ്പിയടിച്ച്’ പിഎസ്‌സിയും. ജയിൽ വകുപ്പിൽ വെൽഫെയർ ഓഫിസർ ഗ്രേഡ് 2 തസ്തികയിലേക്കു കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പിഎസ്‍സി പരീക്ഷയിൽ ക്രിമിനോളജി വിഭാഗത്തിലെ മുഴുവൻ ചോദ്യങ്ങളും ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസിന്റെ വെബ്സൈറ്റിൽനിന്നു ചൂണ്ടിയതായിരുന്നു. ഓപ്ഷനുകളിലോ വാക്യഘടനയിലോ മാറ്റമില്ലാതെ വെബ്സൈറ്റിലുള്ള ചോദ്യങ്ങൾ ഒഎംആർ പരീക്ഷയിൽ അതേപടി അവതരിപ്പിക്കുകയായിരുന്നു.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് വെബ്സൈറ്റിൽ ക്രിമിനോളജി വിഭാഗത്തിൽ, പഠന സഹായിയായി 24 ചോദ്യങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്. എല്ലാ ചോദ്യങ്ങൾക്കും 4 ഓപ്ഷനുകളുമുണ്ട്. വെബ്സൈറ്റിലെ ആദ്യ 12 ചോദ്യങ്ങളിൽ പത്തെണ്ണമാണ് പിഎസ്‌സി ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയത്.
പരീക്ഷയിൽ ക്രിമിനോളജി വിഷയവുമായി ബന്ധപ്പെട്ട് ആകെയുണ്ടായിരുന്നത് ഈ ചോദ്യങ്ങൾ മാത്രമാണ്. ചോദ്യങ്ങൾ അതേ പടി കോപ്പിയടിച്ചവർ ഓപ്ഷനുകളുടെ ക്രമം മാറ്റി അവതരിപ്പിക്കാൻ പോലും മെനക്കെട്ടില്ല. സോഷ്യൽ വർക്കിൽ ബിരുദ, ബിരുദാനന്തരബിരുദ യോഗ്യതയുള്ളവർക്കായി നടത്തിയ പരീക്ഷ, അധികൃതർ ലാഘവത്തോടെയാണു നടത്തിയത് എന്നതിനു തെളിവാണ് ചോദ്യങ്ങളിലെ ഈ കോപ്പിയടി.
‘ബേസിക്സ് ഓഫ് ക്രിമിനോളജി ക്വിസ്’ എന്ന പേരിൽ ഗൂഗിളിൽ തിരഞ്ഞാൽ ആർക്കും ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസിന്റെ വെബ്സൈറ്റിലെ ഈ മാതൃകാ ചോദ്യങ്ങൾ കണ്ടെത്താം. ഒരു വെബ്സൈറ്റിലെ മാത്രം വിവരങ്ങൾ വാക്യഘടനയിൽ പോലും മാറ്റംവരുത്താതെ അവതരിപ്പിച്ചത് ചോദ്യവിവരങ്ങൾ ചോർത്തി നൽകാനാണെന്ന ആക്ഷേപവുമുണ്ട്. അതിനിടെ, പരീക്ഷയ്ക്കു പിന്നാലെ പിഎസ്‍സി പുറത്തിറക്കിയ ഉത്തരസൂചികയിൽ തെറ്റുകൾ ആരോപിച്ചും ഉദ്യോഗാർഥികൾ രംഗത്തെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here