പിഎസ്‌സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷ ക്രമക്കേട്; സമഗ്ര അന്വേഷണത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്

പിഎസ്‌സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷ ക്രമക്കേട് കേസിൽ സമഗ്ര അന്വേഷണത്തിനൊരുങ്ങി ക്രൈം ബ്രാഞ്ച്. സംശയിക്കുന്നവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയുന്നതിന് മൂന്ന് വർഷംവരെയുള്ള റാങ്ക്പട്ടിക പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്‌സിക്ക് കത്തു നൽകും.
അതേ സമയം, കേസിലെ അഞ്ചാം പ്രതി ഗോകുൽ കോടതിയിൽ കീഴടങ്ങി. ഗോകുലിനെ പേരൂർക്കട എസ്എപി ക്യാംപിൽ നിന്നും സസ്‌പെൻഡ് ചെയ്തു. പിഎസ്‌സി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് അന്വേഷണം വ്യാപിപ്പിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. സംശയമുള്ള നാൽപ്പത്തിയഞ്ച് പേരുടെ പട്ടിക ക്രൈംബ്രാഞ്ച് നേരത്തെ തയ്യാറാക്കിയിട്ടുണ്ട്.
അതേ സമയം, കേസിലെ അഞ്ചാം പ്രതിയായ പൊലീസുകാരൻ ഗോകുൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി. ഒളിവിലായിരുന്ന ഗോകുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും, 10 ദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കീഴടങ്ങൽ. മുഖ്യപ്രതികളായ നസീം, ശിവരഞ്ജിത്ത്, പ്രണവ് എന്നിവർക്ക് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ഉത്തരം എസ്എംഎസായി അയച്ചു നൽകിയത് ഗോകുലും സുഹൃത്ത് സഫീറും ചേർന്നാണെന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പേരൂർക്കട എസ്എപി ക്യാംപിലെ ഉദ്യോഗസ്ഥനായ ഗോകുലിനെ സസ്പെൻഡ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here