സ്‌കൂളിൽ ഉച്ച ഭക്ഷണത്തിന് ചപ്പാത്തിയും ഉപ്പും; വാർത്ത നൽകിയ മാധ്യമപ്രവർത്തകനെതിരെ കേസ്

സ്‌കൂളിൽ ഉച്ചഭക്ഷണത്തിന് കുട്ടികൾക്ക് ഉപ്പും ചപ്പാത്തിയും നൽകിയെന്ന വാർത്ത പുറത്തുവിട്ട മാധ്യമപ്രവർത്തകനെതിരെ യുപി സർക്കാർ കേസെടുത്തു. കുട്ടികൾ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകൻ പവൻ ജയ്‌സ്വാളിനെതിരെയാണ് കേസെടുത്തത്.
ഉത്തർ പ്രദേശിലെ മിസാപൂരിൽ സ്‌കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണമായി ചപ്പാത്തിയും ഉപ്പും നൽകുന്ന കാര്യം കഴിഞ്ഞ മാസം വലിയ വാർത്തയായിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് മാധ്യമ പ്രവര്‍ത്തകന്‍ വാര്‍ത്ത നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫിസര്‍ പരാതി നല്‍കിയിരുന്നു.
അതേ സമയം, വാർത്തയെത്തുടർന്ന് സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അദ്ധ്യാപകനെയും ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥനെയും സസ്‌പെന്റ് ചെയ്തിരുന്നു. സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രകാരം പരിപ്പ്, ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവ കുട്ടികൾക്ക് നൽകണമെന്നാണ്. കൂടാതെ നിശ്ചിത ദിവസങ്ങളിൽ പാലും പഴങ്ങളും നൽകണമെന്നുമുണ്ട്. പാൽ വിതരണമാകട്ടെ അപൂർവ്വ ദിവസങ്ങളിൽ മാത്രമേ നൽകാറുള്ളു. പഴങ്ങൾ നൽകാറേയില്ല. ഇതിനെതിരെ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും പരാതി ഉയർന്നിരുന്നു. ഇതും പവൻ ജയ്‌സ്വാളി വാർത്തയിൽ ഉൾപ്പെടുത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here