കൊച്ചിയുടെ മെട്രോ കുതിപ്പ് ഇനി കൂടുതൽ ദൂരത്തേക്ക്; പുതിയ അഞ്ച് സ്റ്റേഷനുകൾ

കൊച്ചി മെട്രോ ഇനി കൂടൂതൽ ദൂരത്തേക്കെത്തുകയാണ്. മഹാരാജാസ് കോളേജ് മുതൽ തൈക്കൂടം വരെയുള്ള പുതിയ മെട്രോ പാതയുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്.  ഇനി  ആലുവ മുതൽ തൈക്കൂടം വരെ  മെട്രോയിൽ കുതിച്ചെത്താം. മഹാരാജാസ് കോളേജ് മുതൽ തൈക്കൂടം വരെ 5.65 കിലോമീറ്ററിലാണ് പുതിയ റൂട്ട് സർവീസ് തുടങ്ങിയിരിക്കുന്നത്. നിലവിൽ ശരാശരി നാൽപതിനായിരത്തോളം പേരാണ് കൊച്ചി  മെട്രോയിൽ ദിവസേന യാത്ര ചെയ്യുന്നത്. ബുധനാഴ്ച മുതൽ പുതിയ റൂട്ടിൽ കൂടി സർവീസ് ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുമെന്നാണ് മെട്രോ അധികൃതകരുടെ കണക്കുകൂട്ടൽ.

പുതിയ റൂട്ടിൽ അഞ്ച് സ്റ്റേഷനുകൾ

ആലുവ മുതൽ തൈക്കൂടം വരെയുള്ള പുതിയ റൂട്ടിൽ  അഞ്ച് മെട്രോ സ്റ്റേഷനുകളാണുള്ളത്.
എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം എന്നിവയാണ് പുതിയ സ്റ്റേഷനുകൾ. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിലേക്കും സൗത്ത് റെയിൽവേ സ്‌റ്റേഷനിലേക്കും പോകാൻ എറണാകുളം സൗത്ത് മെട്രോ സ്‌റ്റേഷനിലിറങ്ങിയാൽ മതി. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവർക്ക് ലുലുമാളിലേക്കോ ആലുവയിലേക്കോ പോകണമെങ്കിലും നേരെ മെട്രോയിൽ കയറാം.

കോട്ടയം ഭാഗത്തേക്ക് പോകേണ്ടവർക്ക് വൈറ്റില ജംഗ്ഷനിലെ ഗതാഗതകുരുക്കിലൊന്നും പെടാതെ വൈറ്റില മെട്രോ സ്‌റ്റേഷനിലിറങ്ങി സുഖമായി വൈറ്റില ഹബ്ബിലേക്ക് നടന്നെത്താം. കൊച്ചി മെട്രോ പാതയിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനും ഇനി വൈറ്റില തന്നെയാകും. വൈറ്റില മൊബിലിറ്റി ഹബ്ബും വാട്ടർ മെട്രോയും സംഗമിക്കുന്ന ഭാഗത്തു തന്നെയാണ് വൈറ്റില മെട്രോ സ്‌റ്റേഷനും.

പുതിയ റൂട്ടിലെ ഓരോ സ്‌റ്റേഷനും ഓരോ തീമുകളാണ് നൽകിയിരിക്കുന്നത്. മറ്റു ദേശങ്ങളിൽ നിന്നും കൊച്ചിയിലേക്ക് ട്രെയിനിൽ വന്നിറങ്ങുന്നവരെ വരവേൽക്കാൻ സൗത്ത് മെട്രോ സ്‌റ്റേഷനിൽ ടൂറിസം വിഷയമാക്കിയ ആശയങ്ങളുടെ ആവിഷ്‌കാരമാണ് ഒരുക്കിയിരിക്കുന്നത്. കടവന്ത്ര സ്‌റ്റേഷനിൽ പത്രങ്ങളുടെ പതിപ്പുകളും പത്രാധിപൻമാരുടെ വിവരണവുമെല്ലാം കാണാം.

ഉരു നിർമാണത്തിലെ കേരളത്തിന്റെ വിരുതാണ് എളംകുളം സ്‌റ്റേഷനിൽ കാഴ്ചയുടെ വിരുന്നൊരുക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട തീമാണ് വൈറ്റില സ്റ്റേഷനിലെങ്കിൽ നാവിൽ വെള്ളമൂറിക്കുന്ന രുചിവൈവിധ്യങ്ങളാണ് തൈക്കൂടം സ്റ്റേഷനിൽ വരകളിലൂടെ ഒരുക്കിയിരിക്കുന്നത്.

ആലുവയിൽ നിന്ന് മഹാരാജാസ് വരെ 50 രൂപയും ആലുവയിൽ നിന്ന് തൈക്കൂടം വരെ 60 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മഹാരാജാസ് കോളേജ് സ്റ്റേഷനിൽ നിന്ന് സൗത്ത്, കടവന്ത്ര, എളംകുളം സ്റ്റേഷനുകളിലേക്ക് 10 രൂപയും വൈറ്റില, തൈക്കൂടം സ്‌റ്റേഷനുകളിലേക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.  ബുധനാഴ്ച മുതൽ ഏഴ് മിനിറ്റ് ഇടവേളയിൽ ആലുവ-തൈക്കൂടം റൂട്ടിൽ സർവീസുണ്ടാകും.

‘ആലുവ-തൈക്കൂടം’ മുക്കാൽ മണിക്കൂർ വേണ്ട

റോഡിന്റെ അവസ്ഥയും ഗതാഗതകുരുക്കുമെല്ലാം നോക്കിയാൽ ആലുവയിൽ നിന്നും തൈക്കൂടം വരെ ബസിൽ യാത്ര ചെയ്‌തെത്താൻ എത്ര നേരമെടുക്കുമെന്ന് പറയാനാവാത്ത അവസ്ഥയാണ്. എന്നാൽ ഇനി മെട്രോയിൽ 44 മിനിറ്റ് കൊണ്ട് ആലുവയിൽ നിന്നും തൈക്കൂടത്തെത്താം. പക്ഷേ പുതിയ റൂട്ടായതിനാൽ ഈ സ്പീഡിലേക്കെത്താൻ ഒരു മാസം വരെ കാത്തിരിക്കണം. തുടക്കത്തിൽ കുറഞ്ഞ വേഗത്തിലാകും ഈ റൂട്ടിലെ സർവീസ്.

ആലുവയിൽ നിന്ന് മഹാരാജാസ് കോളേജ് വരെ ഇപ്പോൾ 33 മിനിറ്റിലാണ് മെട്രോ ഓടിയെത്തുന്നത്. പുതിയ റൂട്ടിൽ വേഗത കുറച്ചോടുന്നതിനാൽ ഒരു മാസക്കാലത്തേക്ക് ആലുവയിൽ നിന്ന് തൈക്കൂടം വരെയെത്താൻ 53 മിനിറ്റെടുക്കും. 10 ട്രെയിനുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. പുതിയ റൂട്ടിൽ സർവീസ് ആരംഭിച്ചതോടെ ബുധനാഴ്ച മുതൽ ട്രെയിനുകളുടെ എണ്ണം 14 ആകും. പതിവു പോലെ രാവിലെ ആറ് മുതൽ രാത്രി പത്ത് വരെ തന്നെയാണ് മെട്രോ സർവീസ്.

രണ്ടാഴ്ചത്തേക്ക് യാത്രക്കാർക്ക് വൻ ഇളവുകൾ

പുതിയ റൂട്ട് ഉദ്ഘാടനത്തിന്റെ ഭാഗമായി യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ വൻ ഇളവുകളാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ആലുവ മുതൽ തൈക്കൂടം വരെ രണ്ടാഴ്ച പകുതി നിരക്കിൽ യാത്രചെയ്യാം.  സെപ്റ്റംബർ നാല് മുതൽ 18 വരെയാണ്‌ ഈ ഇളവ്. മെട്രോ വൺ കാർഡ് ഉപയോഗിക്കുന്നവരുൾപ്പെടെ എല്ലാ യാത്രക്കാർക്കും നിരക്കിൽ അമ്പത് ശതമാനം ഇളവ് ലഭിക്കും.

നിലവിൽ ട്രിപ്പ് പാസ് ഉള്ള യാത്രക്കാർക്ക് അമ്പത് ശതമാനം നിരക്ക് ക്യാഷ് ബാക്കായി ലഭിക്കും.എല്ലാ ടിക്കറ്റിലും 50 ശതമാനം ഇളവ് കിട്ടും. സൗജന്യ പാർക്കിംഗാണ് മറ്റൊരു ഇളവ്. എല്ലാ മെട്രോ സ്റ്റേഷനുകളിലും യാത്രക്കാരുടെ വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാം. സെപ്റ്റംബർ 25 വരെയാണ് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top