ഇനി മുങ്ങൽ നടക്കില്ല; സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ് കർശനമാക്കുന്നു

സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ് കർശനമാക്കുന്നു. സർക്കാർ, അർധസർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിൽ ഉൾപ്പെടെയാണ് പഞ്ചിംഗ് കർശനമാക്കുന്നത്. ഇത് സംബന്ധിച്ച മാർഗനിർദേശം ഇക്കഴിഞ്ഞ 30 ന് പുറത്തിറങ്ങി. പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ബയോമെട്രിക് ഫിംഗർപ്രിന്റ് അറ്റൻഡൻസ് മാനേജ്‌മെന്റ് സിസ്റ്റം എന്നാണ് ഇതറിയപ്പെടുന്നത്. ഇത് നടപ്പിലാക്കാൻ അംഗീകാരമുള്ള മെഷീനുകൾ വാങ്ങാനുള്ള ചുമലത കെൽട്രോണിനെ ഏൽപ്പിച്ചതായി ഉത്തരവിൽ പറയുന്നു. മെഷീൻ നിർമാതാക്കളിൽ നിന്നും കെൽട്രോൺ ടെൻഡർ വിളിക്കും. ടെൻഡറുകൾ പൊതു ഭരണവകുപ്പിന്റെ സാങ്കേതിക കമ്മിറ്റി പരിശോധിച്ച ശേഷം പൊതുഭരണ വകുപ്പ് അന്തിമ തീരുമാനമെടുക്കും. ടെൻഡർ അനുവദിച്ച് വിവിധ വകുപ്പുകൾക്ക് മെഷീനുകൾ നൽകുന്നതിനുള്ള പണം കെൽട്രോണിന് നൽകും. മെഷീൻ സ്ഥാപിക്കുന്നതിന്റേയും തുടർന്നുള്ള നടപടികളുടേയും ചുമതല കെൽട്രോണിനായിരിക്കും.
സിവിൽ സ്‌റ്റേഷനുകളിൽ ഒരോ ഓഫീസിനേയും പ്രത്യേക യൂണിറ്റായി പരിഗണിക്കില്ല. ഒരൊറ്റ യൂണിറ്റായി പരിഗണിച്ചായിരിക്കും ഇവിടെ പഞ്ചിംഗ് യൂണിറ്റുകൾ സ്ഥാപിക്കുന്നത്. ഇതിന്റെ ചെലവ് റവന്യു വകുപ്പായിരിക്കും വഹിക്കുക.
സർക്കാർ സ്ഥാപനങ്ങളിൽ പഞ്ചിംഗ് മെഷീനുകൾ സ്ഥാപിക്കാനുള്ള തീരുമാനം 2015 ൽ കൈക്കൊണ്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശങ്ങൾ ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കുന്നത് വൈകുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here