ബോറിസ് ജോണ്‍സണ് വീണ്ടും തിരിച്ചടി; തെരഞ്ഞെടുപ്പ് നടത്താനുള്ള നിര്‍ദേശം പാര്‍ലമെന്റ് വോട്ടിനിട്ട് പരാജയപ്പെടുത്തി

ബ്രിട്ടീഷ് പാർലമെന്റിൽ ബോറിസ് ജോൺസണ് വീണ്ടും തിരിച്ചടി. ഒക്ടോബറിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള ബോറിസിന്റെ നിർദേശം പാർലമെന്റ് വോട്ടിനിട്ട് പരാജയപ്പെടുത്തി. ബോറിസ് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം പോലും ലഭിച്ചില്ല.
പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായതിന് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് വീണ്ടും തിരിച്ചടി നേരിട്ടത്. ഒക്ടോബർ 15ന് പൊതു തെരഞ്ഞെടുപ്പ് നടത്തണമെന്ന ബോറിസിന്റെ നിർദേശമാണ് പാർലമെന്റിൽ പരാജയപ്പെട്ടത്. 434 വോട്ടുകൾ വേണ്ടിടത്ത് 298 വോട്ടുകൾ മാത്രമേ ബോറിസിന് ലഭിച്ചുള്ളൂ. 56 പർ എതിർത്ത് വോട്ട് ചെയ്തപ്പോൾ 288 പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. തെരഞ്ഞെടുപ്പ് നടത്താമെന്ന നിർദേശത്തെ എതിർത്ത ആദ്യത്തെ പ്രതിപക്ഷ നേതാവാണ് ജെർമ്മി കോർബിനെന്ന് പാർലമെന്റിലെ തിരിച്ചടിക്ക് ശേഷം ബോറിസ് ജോൺസൺ പരിഹസിച്ചു.
കരാറില്ലാതെ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോകാനുള്ള ബോറിസ് ജോൺസന്റെ നയത്തെ എതിർക്കുന്ന പ്രതിപക്ഷ നിലപാടിനെ ഭരണപക്ഷത്തിലെ ചില അംഗങ്ങളും പിന്തുണക്കുന്നു എന്ന സൂചനകളാണ് ലഭിക്കുന്നത്. രണ്ട് ദിവസത്തിനിടെ തുടർച്ചയായി മൂന്നാം തവണയാണ് ഹൗസ് ഓഫ് കോമൺസിൽ നിന്ന് ബോറിസിന് തിരിച്ചടി ഉണ്ടായത്. ഇന്നലെ ഭരണകക്ഷി എംപിയായ ഫിലിപ് ലീ ഡെമോക്രാറ്റിക് പാർട്ടിയിലേക്ക് കൂറുമാറിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here