സുഹൃത്ത് കാനഡയിലേക്ക് പോകുന്നതിൽ അസൂയ; വിമാനത്താവളത്തിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവാവ് പിടിയിൽ

ഹൈദരാബാദ് രാജീവ് ഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവാവ് പിടിയിൽ. 24കാരനായ എംടെക് വിദ്യാർത്ഥി കട്റജു ശശികാന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താൻ ജോലിയില്ലാതെ അലഞ്ഞു തിരിയുമ്പോൾ തൻ്റെ ബാല്യകാല സുഹൃത്ത് സായ്റാം തുടർപഠനത്തിനായി കാനഡയിലേക്ക് പോകുന്നതിൽ അസൂയ പൂണ്ടാണ് ഇയാൾ ഭീഷണി സന്ദേശം അയച്ചതെന്നാണ് പൊലീസ് ഭാഷ്യം.
കാനഡ ഇമിഗ്രേഷൻ ഓഫീസിലേക്ക് സായ്റാമിൻ്റെ പേരിൽ വ്യാജ ഇമെയിൽ സന്ദേശം അയച്ച് നേരത്തെ തന്നെ ഇയാൾ സുഹൃത്തിൻ്റെ കാനഡ യാത്ര തടയാൻ ശ്രമിച്ചിരുന്നു. മോശം പദപ്രയോഗങ്ങൾ നടത്തി മെയിൽ അയച്ചിട്ടും അത് മറികടന്ന് വിസ വന്നതോടെയാണ് ഇയാൾ അവസാന അടവെടുത്തത്.
Read Also: ബോംബ് ഭീഷണി; എയർ ഇന്ത്യ വിമാനം ലണ്ടനിൽ ഇറക്കി
ചൊവ്വാഴ്ച ഉച്ചക്ക്, കട്റജു തൻ്റെ മൊബൈൽ ഫോണിൽ നിന്നും എയർപോർട്ടിലേക്ക് ഒരു വ്യാജ ബോംബ് ഭീഷണി ഇമെയിൽ ചെയ്തു. ഭീഷണി സന്ദേശത്തിൽ സുഹൃത്തിൻ്റെ ഇമെയിൽ അഡ്രസും മൊബൈൽ നമ്പരും ഇയാൾ ഉൾപ്പെടുത്തിയിരുന്നു. സുഹൃത്തിനെ പൊലീസ് പിടിക്കണമെന്ന് കണക്കുകൂട്ടിയാണ് ഇയാൾ തൻ്റെ വിവരങ്ങൾ മറച്ചു വെച്ചത്. എന്നാൽ ഐപി അഡ്രസ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പൊലീസ് കട്റജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Also: വ്യാജ ഡോക്ടറുടെ ചികിത്സയിൽ ഡോക്ടർ മരിച്ചു; ഇരുപത് വർഷത്തിന് ശേഷം ശിക്ഷ
ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്താവളം മുഴുവൻ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെയാണ് സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞത്. കട്റജുവിനെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. തന്നെ ഇത്രയൊക്കെ ദ്രോഹിച്ചിട്ടും കാനഡയിലേക്ക് പുറപ്പെടുന്നതിനു മുൻപായി പൊലീസ് സ്റ്റേഷനിൽ വന്ന് സായ്റാം തൻ്റെ ഉറ്റ ചങ്ങാതിയെ കാണുകയും 500 രൂപ നൽകുകയും ചെയ്തു. ബുധനാഴ്ച വൈകുന്നേരത്തോടെ ഇയാൾ കാനഡയിലേക്ക് പോവുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here