ജമ്മു കശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലെ പാകിസ്ഥാന്‍ പങ്ക് പുറത്ത് വിട്ട് ഇന്ത്യന്‍ സുരക്ഷാ സേന

ജമ്മുകശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലെ പാകിസ്ഥാൻ പങ്ക് പുറത്ത് വിട്ട് ഇന്ത്യൻ സുരക്ഷാ സേന. അറസ്റ്റിലായ ഭീകരവാദികളുടെ കുറ്റ സമ്മത മൊഴി ശ്രീനഗറിലെ വാർത്താസമ്മേളനത്തിൽ പുറത്ത് വിട്ടു. 370-ാം അനുച്ഛേദം പിൻവലിച്ചതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ ബോധപൂർവ്വം അസത്യം പ്രചരിപ്പിക്കുകയാണെന്നും സുരക്ഷാ സേന വ്യക്തമാക്കി.
ലഫ്റ്റനന്റ് ജനറൽ ധില്ലന്റെ നേത്യത്വത്തിലാണ് സുരക്ഷ സേന ജമ്മുകാശ്മീരിലെ ഇപ്പോഴത്തെ സാഹചര്യം വിശദീകരിച്ചത്. 370 പിൻ വലിച്ച സാഹചര്യം മുതലാക്കാൻ പാകിസ്ഥാൻ ആഗസ്റ്റ് 4 മുതൽ ശ്രമിക്കുന്നു. അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിക്കുന്നതിന് പുറമേ ഭീകരവാദികളെ സംസ്ഥാനത്തേക്ക് കടത്തി വിട്ട് പ്രശ്‌നങ്ങൾ സ്യഷ്ടിയ്ക്കാനാണ് ശ്രമം. ആഗസ്റ്റ് ഇരുപത്തി ഒന്നിന് അറസ്റ്റിലായ രണ്ട് ഭീകരവാദികളുടെ കുറ്റ സമ്മത മൊഴിയും സുരക്ഷ സേന പരസ്യപ്പെടുത്തി. തങ്ങളുടെ പാകിസ്ഥാൻ ബന്ധവും ഭീകരവാദത്തിനായി പാകിസ്ഥാൻ തയ്യാറാക്കിയിട്ടുള്ള പദ്ധതികളും വെളിപ്പെടുത്തുന്നതാണ് കുറ്റ സമ്മത മൊഴി.
പാകിസ്ഥാൻ ജമ്മുകാശ്മീരിലെ യുവാക്കളെ ഭീകരവാദ കെണിയിൽപെടുത്താനാണ് ശ്രമിക്കുന്നത്. യുവാക്കളാരും ഭീകരവാദ സ്വാധീനത്തിൽപെടരുതെന്നും സുരക്ഷ സേന നിർദേശിച്ചു. കാശ്മീരിലെ യുവാക്കളെ മികച്ചതും സമാധാനപരവുമായ ജീവിതമാണ് കാത്തിരിക്കുന്നത്. 370 പിൻ വലിച്ചതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ ബോധപൂർവ്വം അസത്യം പ്രചരിപ്പിച്ചു. വെടി വെയ്പ്പ് ഉണ്ടായെന്നും ആളുകൾ കൊല്ലപ്പെട്ടു എന്നും അടക്കമുള്ള പ്രചരണങ്ങൾ കളവാണ്. കാശ്മീരിലെ സുരക്ഷ ക്രമീകരണങ്ങൾ നിലവിൽ വന്നിട്ട് ഒരു മാസം തികയുന്ന സാഹചര്യത്തിലായിരുന്നു വാർത്താ സമ്മേളനം. നിയന്ത്രണങ്ങൾ ഉടൻ തന്നെ പൂർണ്ണമായും പിൻ വലിക്കാനാകും എന്നും സുരക്ഷ സേന വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here