വീട്ടുതടങ്കലിലുള്ള സിപിഐഎം നേതാവ് തരിഗാമിയെ എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ്

ശ്രീനഗറിൽ വീട്ടുതടങ്കലിലുള്ള സിപിഐഎം നേതാവ് യൂസഫ് തരിഗാമിയെ ഡൽഹി എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ്. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമർപ്പിച്ച സത്യവാങ്മൂലത്തിന്റേയും ഹർജിയുടെയും അടിസ്ഥാനത്തിലാണ് നടപടി. നാല് തവണ കുൽഗാം മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട തരിഗാമിയെ അനധികൃതമായാണ് തടങ്കലിൽവച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് യെച്ചൂരി സുപ്രീംകോടതിയെ സമീപിച്ചത്.
വീട്ടുതടങ്കലിൽ കഴിയുന്ന തരിഗാമിയുമായി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. സുപ്രീംകോടതിയുടെ പ്രത്യേക അനുമതി നേടിയാണ് തരിഗാമിയുമായി യെച്ചൂരി കൂടിക്കാഴ്ച നടത്തിയത്. ഒരു ദിവസം തരിഗാമിക്കൊപ്പം തങ്ങണമെന്ന യെച്ചൂരിയുടെ ആവശ്യവും അംഗീകരിച്ചിരുന്നു.
തരിഗാമിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം യെച്ചൂരി വ്യക്തമാക്കിയിരുന്നു. വീട്ടുതടങ്കലിലായതിനാൽ ചികിത്സയ്ക്ക് ഒരു വഴിയുമില്ലെന്നും തരിഗാമിയ്ക്ക് വേണ്ട ചികിത്സ ഉറപ്പാക്കാൻ ജമ്മു കശ്മീർ ഭരണകൂടം ശ്രമിക്കുന്നില്ലെന്നും യെച്ചൂരി ആരോപിച്ചിരുന്നു. ഈ വിവരങ്ങളടക്കമുള്ള ഒരു സത്യവാങ്മൂലം യെച്ചൂരി സുപ്രീംകോടതിയിൽ ഫയൽ ചെയ്തിരുന്നു. ഇത് കണക്കിലെടുത്താണ് തരിഗാമിയെ ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടത്. ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, അബ്ദുൾ നസീർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ആഗസ്റ്റ് 5ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്നതിന് തൊട്ടു മുമ്പാണ് കശ്മീരിലെ നേതാക്കളെ കേന്ദ്രസർക്കാർ ഇടപെട്ട് വീട്ടുതടങ്കലിലാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here