ഇന്നത്തെ പ്രധാന വാർത്തകൾ(5-09-2019)

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; പ്രണവിന്റെ സുഹൃത്തുക്കളാണ് ചോദ്യപേപ്പർ നൽകിയതെന്ന് ഗോകുൽ
പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ചോദ്യ പേപ്പർ പുറത്തെത്തിച്ചവരെക്കുറിച്ച് ക്രൈം ബ്രാഞ്ചിന് വിവരം ലഭിച്ചുവെന്ന് സൂചന. കേസിൽ മൂന്നാം പ്രതി പ്രണവിന്റെ സുഹൃത്തുക്കളാണ് ചോദ്യപേപ്പർ നൽകിയതെന്ന് ഗോകുൽ ചോദ്യം ചെയ്യലിൽ മൊഴി നൽകി.
പാലായിൽ ജോസ് ടോമിന് രണ്ടിലയില്ല; സ്വതന്ത്രനായി മത്സരിക്കും
പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസിന്റെ ജോസ് ടോമിന് രണ്ടില ചിഹ്നമില്ല. കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെന്ന പത്രിക വരാണാധികാരി തള്ളി. ജോസ് ടോമിന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാം. ഇത് സംബന്ധിച്ച തീരുമാനം വരണാധികാരി പ്രഖ്യാപിച്ചു. പി ജെ ജോസഫ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
യുഎൻഎ സാമ്പത്തിക തട്ടിപ്പ്; ജാസ്മിൻ ഷായുടെ ഭാര്യയെ പ്രതിചേർത്തു
നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് കേസിൽ സംഘടനയുടെ പ്രസിഡൻറ് ജാസ്മിൻഷായുടെ ഭാര്യ ഷബ്നയെ പ്രതിചേർത്തു. ക്രമക്കേടിൽ ഇവർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നടപടി.
പോൾ മുത്തൂറ്റ് വധക്കേസ്; എട്ട് പ്രതികളുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി
പോൾ മുത്തൂറ്റ് വധക്കേസിൽ എട്ട് പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഒന്ന്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത് പ്രതികളുടെ ജീവപര്യന്തം ശിക്ഷയാണ് റദ്ദാക്കിയത്. രണ്ടാം പ്രതി കാരി സതീശ് അപ്പീൽ നൽകിയിരുന്നില്ല.
പാലാ ഉപതെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക പിൻവലിക്കുമെന്ന് ജോസഫ് കണ്ടത്തിൽ
പാലാ ഉപതെരഞ്ഞെടുപ്പിനായി സമർപ്പിച്ച നാമനിർദേശ പത്രിക പിൻവലിക്കുമെന്ന് ജോസഫ് കണ്ടത്തിൽ. പത്രിക ഇന്ന് തന്നെ പിൻവലിക്കാൻ ജോസഫ് കണ്ടത്തിലിന് പിജെ ജോസഫ് നിർദ്ദേശം നൽകിയിട്ടുണ്ട്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പത്രിക പിൻവലിക്കും.
യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ്
യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ്. സംഘടനയുടെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് ലുക്ക് ഔട്ട് നോട്ടിസ്. ജാസ്മിൻഷാ ഉൾപ്പെടെയുള്ളവർ ഒളിവിലാണെന്ന് അന്വേഷണ സംഘം നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here