അണ്ടര്‍ 19 ഏഷ്യാകപ്പ്: രണ്ട് താരങ്ങൾക്ക് സെഞ്ച്വറി; ഇന്ത്യ പാകിസ്താനെ തകര്‍ത്തു

അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ജയം. 60 റൺസിനാണ് ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയത്. ഇന്ത്യയ്ക്കുവേണ്ടി അര്‍ജുന്‍ ആസാദ്, തിലക് വര്‍മ എന്നിവര്‍ സെഞ്ച്വറി നേടി. നിശ്ചിത 50 ഓവറില്‍ ഇന്ത്യ 9 വിക്കറ്റിന് 305 റണ്‍സെടുത്തപ്പോള്‍ പാക്കിസ്ഥാന്‍ 46.4 ഓവറില്‍ 245 റണ്‍സിന് എല്ലാവരും പുറത്തായി. തോൽവിയോടെ പാകിസ്താൻ ടൂർണമെൻ്റിൽ നിന്നു പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കുവേണ്ടി രണ്ടാം വിക്കറ്റില്‍ അര്‍ജുനും തിലക് വര്‍മയും ചേര്‍ന്ന് നേടിയ 183 റണ്‍സാണ് കരുത്തായത്. അര്‍ജുന്‍ 111 പന്തില്‍ 121 റണ്‍സും തിലക് 119 പന്തില്‍ 110 റണ്‍സുമെടുത്തു. അതേസമയം, മറ്റു ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് മികവുകാട്ടാനായില്ല. പാകിസ്താനുവേണ്ടി നസീം ഷാ, അബ്ബാസ് അഫ്രീഡി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ റൊഹൈല്‍ നാസിറിന്റെ സെഞ്ച്വറിയാണ് പാകിസ്താനെ നാണക്കേടില്‍നിന്നും രക്ഷിച്ചത്. റൊഹൈല്‍ 117 റണ്‍സെടുത്തു. 43 റണ്‍സെടുത്ത ഹാരിസ് ഖാനും മികച്ച പിന്തുണ നല്‍കി. ഇന്ത്യന്‍ ബൗളര്‍മാരെല്ലാം മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. അഥര്‍വ അങ്കോല്‍ക്കര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വിദ്യാധര്‍ പാട്ടീല്‍, സുശാന്ത് മിശ്ര എന്നിവര്‍ രണ്ടുവീതം വിക്കറ്റും സ്വന്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here