സർക്കാർ ആദ്യ നൂറ് ദിവസം പിന്നിടുമ്പോൾ രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എൻഡിഎ സർക്കാർ വീണ്ടും അധികാരമേറ്റ് ആദ്യ നൂറ് ദിവസങ്ങൾ പിന്നിടുമ്പോൾ രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ കാലയളവിൽ എത്ര വലിയ തീരുമാനങ്ങളാണ് എൻഡിഎ സർക്കാർ എടുത്തതെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 130 കോടി ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാൻ  സർക്കാരിന് കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയിലെ രോഹ്തക്കിലെ റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.

വൻ മാറ്റങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 60 വർഷത്തെ പാർലമെന്റ് ചരിത്രത്തിൽ ആദ്യമായാണ് കുറഞ്ഞ സമയത്തിൽ ഇത്രയധികം ബില്ലുകൾ പാസാക്കുന്നത്. മുത്തലാഖ് ബിൽ അടക്കമുള്ള സുപ്രധാന ബില്ലുകളാണ് ഈ സെഷനിൽ പാസാക്കിയത്. കശ്മീർ പ്രശ്‌നത്തിന് പരിഹാരം കാണാനും സാധിച്ചു. നിരവധി പുതിയ വികസന പദ്ധതികൾ പ്രാബല്യത്തിൽ വരുത്താനും ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്.

ദിശാബോധമുള്ള മാറ്റങ്ങളുടെയും വികസനത്തിന്റെയും നൂറ് ദിനങ്ങളാണ് കടന്നുപോകുന്നതെന്നും നരേന്ദ്രമോദി വ്യക്തമാക്കി. അപ്രതീക്ഷിത തീരുമാനങ്ങൾ നിറഞ്ഞതായിരുന്നു രണ്ടാം മോദി സർക്കാരിന്റെ ആദ്യത്തെ നൂറുദിനങ്ങളെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കലും ജമ്മു കശ്മീർ വിഭജനവുമെല്ലാം ഈ വലിയ തീരുമാനങ്ങളിൽ ചിലതാണെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More