Advertisement

ജെഎൻയു വോട്ടെടുപ്പ്; ഇടത് വിദ്യാർത്ഥി സഖ്യത്തിന് മുൻതൂക്കം

September 8, 2019
0 minutes Read

ജെഎൻയു വിദ്യാർത്ഥി യൂണിയനിലേക്കുള്ള പകുതി വോട്ട് എണ്ണി കഴിയുമ്പോൾ ഇടത് വിദ്യാർത്ഥി സഖ്യത്തിന് മുൻതൂക്കം. കേന്ദ്ര പാനലിലെ നാല് സീറ്റുകളിലും ഇടത് സഖ്യത്തിനാണ് ലീഡ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസ് ഉള്ളതിനാൽ ഔദ്യോഗികമായി ഫലം ഇന്ന് പ്രഖ്യാപിക്കില്ല.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും ചരിത്രകാരി റൊമില ഥാപ്പറോട് അധികൃതർ യോഗ്യതാപത്രം ചോദിച്ചതുമുൾപ്പെടെ വിവാദങ്ങൾ കത്തുന്നതിനിടെയാണ് ജെഎൻയുവിൽ വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇടത് സഖ്യത്തിനാണ് മേൽക്കൈ. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന എസ്എഫ്‌ഐയുടെ ഐഷ ഘോഷ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡിഎസ്എഫിന്റെ സാകേത് മൂൺ, ജനറൽ സെക്രട്ടറിയായി മത്സരിക്കുന്ന ഐസയുടെ സതീഷ് ചന്ദ്ര യാദവ്, എഐഎസ്എഫിന്റെ ജോ. സെക്രട്ടറി സ്ഥാനാർത്ഥി മുഹമ്മദ് ഡാനിഷ് എന്നിവരാണ് മുന്നിട്ട് നിൽക്കുന്നത്.

എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി മനീഷ് ജൻഗിത് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. എബിവിപിയുടെ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനാർത്ഥികളും മൂന്നാം സ്ഥാനത്തെന്നാണ് വിവരം. ഫ്രറ്റേണിറ്റി ബാപ്‌സ സഖ്യമാണ് ഈ പദവികളിൽ രണ്ടാം സ്ഥാനത്ത്. ജനറൽ സെക്രട്ടറി സ്ഥാനാർത്ഥികളായ ഫ്രട്ടേണിറ്റി ബാപ്‌സ സഖ്യത്തിന്റെ വസീം ആർഎസും എബിവിപിയുടെ സബരീഷിനും പുറമെ കൗൺസിലർ പോസ്റ്റിലേക്ക് മത്സരിക്കുന്ന 5 പേരടക്കം 7 മലയാളി വിദ്യാർത്ഥികൾ മത്സര രംഗത്തുണ്ട്. നാമനിർദേശപത്രികകൾ അകാരണമായി തള്ളിയെന്ന് ചൂണ്ടിക്കാട്ടി രണ്ട് വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഔദ്യോഗിക ഫല പ്രഖ്യാപനം തടഞ്ഞത്. 17നാണ് ഡൽഹി ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top