മാവേലിക്കരയിൽ ദമ്പതികൾക്കു നേരെ സദാചാര ഗുണ്ടായിസം; അഞ്ചുപേർ അറസ്റ്റിൽ

മാവേലിക്കരയിൽ ദമ്പതികൾക്കു നേരെ സദാചാര ഗുണ്ടായിസം. കായംകുളം സ്വദേശി ശിവപ്രസാദ്, ഭാര്യ സംഗീത എന്നിവർക്കു നേരെയാണ് ആക്രമണമുണ്ടായത്. പുഴത്തീരത്തു നിന്ന ദമ്പതികളെ കമിതാക്കളാണെന്ന് ആരോപിച്ച് സദാചാര ഗുണ്ടകൾ കൈയേറ്റം ചെയ്യുകയായിരുന്നു.
ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വിദേശത്തു ജോലി ചെയ്യുന്ന ശിവപ്രസാദ് ഫ്ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാനാണു ഭാര്യയ്ക്കും ഭാര്യാസഹോദരനുമൊപ്പം മാവേലിക്കരയിലെത്തിയത്. ടിക്കറ്റ് ലഭിക്കാൻ വൈകിയതോടെ മൂവരും അച്ചൻകോവിലാറിന്റെ തീരത്തെ കണ്ടിയൂർ കടവിലെത്തി. ഇവിടെയുണ്ടായിരുന്ന ഒരാൾ കമിതാക്കളെന്ന് ആരോപിച്ച് ശിവപ്രസാദിനെയും ഭാര്യയെയും ചോദ്യം ചെയ്തു. വിവാഹഫോട്ടോ കാണിച്ചിട്ടും ആക്ഷേപിച്ചു. ഇതു തർക്കമായതോടെ നാലുപേർ കൂടി സ്ഥലത്തെത്തി. ഇവർ ശിവപ്രസാദിനെയും ഭാര്യയേയും മർദിക്കുകയായിരുന്നു.
ദമ്പതികൾ കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ടിയൂർ സ്വദേശികളായ കണ്ണൻ, അനന്തു, വസിഷ്ഠ്, അനൂപ്, മിഥുൻ എന്നിവരാണ് അറസ്റ്റിലായത്. ശിവപ്രസാദിനെ മർദിച്ചെന്നും തടയാൻ ചെന്ന സംഗീതയോടു മോശമായി പെരുമാറിയെന്നുമാണു കേസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here