പിഎസ്‌സി പരീക്ഷാ ക്രമക്കേട്; ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകൾ പിഎസ്‌സി കൈമാറി

പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകൾ പിഎസ്‌സി കൈമാറി. പൊലീസ് കോൺസ്റ്റബിൾ പരീക്ഷ യൂണിവേഴ്സിറ്റി കോളേജിൽ എഴുതിയവരുടെ വിവരങ്ങളാണ് പിഎസ്‌സി കൈമാറിയത്. ചോദ്യപേപ്പർ ചോർന്നത് യൂണിവേഴ്‌സിറ്റി കോളജിൽ നിന്നാണെന്ന് വ്യക്തമായതോടെയാണ് രേഖകൾ പരിശോധിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
പൊലീസ് കോൺസ്റ്റബിൾ പരീക്ഷ യൂണിവേഴ്സിറ്റി കോളേജിൽ എഴുതിയ ഉദ്യോഗാർഥികളുടെ ഒറ്റത്തവണ രജിസ്‌ട്രേഷൻ സമയത്ത് നൽകിയ മൊബൈൽ നമ്പരും മേൽവിലാസവും അടക്കമുള്ള വിവരങ്ങളാണ് പിഎസ്‌സി ക്രൈംബ്രാഞ്ചിന് കൈമാറിയത്. 1,200 പേരെയാണ് യൂണിവേഴ്‌സിറ്റി കോളജിൽ സിവിൽ പൊലീസ് ഓഫീസർ പരീക്ഷയെഴുതാൻ പിഎസ്‌സി അനുവദിച്ചത്. ഇതിൽ 879പേർ പരീക്ഷയെഴുതി. 2 പിഎസ്‌സി ജീവനക്കാരാണ് പരീക്ഷാ മേൽനോട്ടത്തിന് ഉണ്ടായിരുന്നത്.
പരീക്ഷ ഡ്യൂട്ടിയ്ക്കുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഇക്കാര്യങ്ങൾ വിശദമായി തന്നെ പരിശോധിച്ച് സംശയമുള്ളവരെ കണ്ടെത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതിയ ആളാണ് ചോദ്യപേപ്പറെത്തിച്ചതെന്നും ഇയാളെ പ്രണവാണ് പരിചയപ്പെടുത്തിയതെന്നും ഗോകുൽ നേരത്തെ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.
ചോദ്യപ്പേപ്പർ പുറത്തു എത്തിച്ചതിനെക്കുറിച്ചു അറിയില്ലെന്നാണ് ശിവരഞ്ജിത്തും നസീമും പറഞ്ഞത്. ഇത് കണക്കിലെടുത്താണ് ശിവരഞ്ജിത്തിനും, നസീമിനും നുണ പരിശോധന നടത്തണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകിയത്. പ്രണവിനെയും സഫീറിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ കേസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here