Advertisement

‘മോദി സർക്കാരിനെ ദുരന്തമെന്ന് വിശേഷിപ്പിച്ച നിയമജ്ഞൻ’; രാം ജഠ്മലാനിയുടെ നിയമ ജീവിതത്തിൽ വഴിത്തിരിവായ കേസുകൾ

September 8, 2019
1 minute Read

നിയമവും രാഷ്ട്രീയ ജീവിതവും രണ്ടായിരുന്നു രാം ജഠ്മലാനിക്ക്. രാഷ്ട്രീയ ജീവിതത്തിന് വേണ്ടി തന്റെ നിയമ വഴിയിൽ ഒരിക്കലും വിട്ടു വീഴ്ചക്ക് ജഠ്മലാനി തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ഒരു മികച്ച രാഷ്ട്രീയക്കാരൻ എന്നതിനപ്പുറം നിയമ വിദഗ്ധൻ എന്ന് അദ്ദേഹം അറിയപ്പെട്ടത്. പതിനേഴാം വയസിൽ നിയമ ബിരുദം സ്വന്തമാക്കിയ ജഠ്മലാനി തന്റെ വഴി നിയമത്തിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു. അഭിഭാഷകവൃത്തിക്കായി വേണ്ട പ്രായപരിധി 21 വയസായിരിക്കെ, ജഠ്മലാനി തന്റെ പതിനെട്ടാം വയസിൽ നിയമം പ്രാക്ടീസ് ചെയ്ത് തുടങ്ങി. നിയമ രംഗത്ത് നിന്നുള്ള തന്റെ വിടവാങ്ങൾ ജഠ്മലാനി പ്രഖ്യാപിച്ചപ്പോൾ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞത് ഒരു യുഗത്തിന്റെ അന്ത്യം എന്നായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നിശിതമായി വിമർശിച്ച ജഠ്മലാനി, മോദി ഗവൺമെന്റിനെ വിശേഷിപ്പിച്ചത് വിപത്ത് എന്നാണ്. രാഷ്ട്രീയക്കാരനെന്നതിനപ്പുറം നിയമ വിദഗ്ധനെന്നറിയപ്പെട്ട ജഠ്മലാനിയുടെ ജീവിതത്തിൽ വഴിത്തിരിവായിമാറിയ പ്രധാനപ്പെട്ട കേസുകൾ ഏതൊക്കെയെന്ന് നോക്കാം.

1. ജഠ്മലാനിയുടെ ആദ്യ കേസ്

രാം ജത്മലാനിയുടെ ആദ്യ കേസ് അദ്ദേഹത്തിന്റെ തന്നെ കേസായിരുന്നു. അഭിഭാഷകനാകാനുള്ള പ്രായപരിധിയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടായിരുന്നു കേസ്. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.

2. 1962 ലെ നാനാവതി കേസ്

കെ എം നാനാവതിയും മഹാരാഷ്ട്ര സർക്കാരും തമ്മിൽ ബോംബെ ഹൈക്കോടതിയിൽ ഏറ്റുമുട്ടിയ പ്രമാദമായ കേസായിരുന്നു നാനാവതി കേസ്. ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായിരുന്ന നാനാവതി, തന്റെ ഭാര്യ സിൽവിയയുടെ കാമുകൻ പ്രേം അഹൂജയെ കൊലപ്പെടുത്തിയതാണ് കേസ്. തുടക്കം മുതൽ അവസാനം വരം വാർത്തകളിൽ നാനാവതി കേസ് നിറഞ്ഞു നിന്നു. ജഠ്മലാനിയുടെ നിയമ ജീവിതത്തിൽ വഴിത്തിരിവായിരുന്നു നാനാവതി കേസ്. കേസിൽ പ്രോസിക്യൂട്ടറായിരുന്ന ജഠ്മലാനി തുടക്കം മുതൽ ഹൈക്കോടതി വരെ നിയമപോരാട്ടം നടത്തി. ക്രോസ് വിസ്താരത്തിലും വാദങ്ങളിലുമെല്ലാം നാനാവതി കുറ്റക്കാരനാണെന്ന നിലപാടിൽ ജഠ്മലാനി ഉറച്ച് നിന്നു. പിന്നീട് പാർസി സിന്ധി വിഭാഗങ്ങൾ തമ്മിൽ വംശീയ കലാപം രൂക്ഷമായപ്പോൾ വിഷയത്തിൽ അദ്ദേഹം ഇടപെട്ടു. പ്രേം അഹൂജയുടെ സഹോദരിക്ക് കത്തെഴുതിയ ജഠ്മലാനി നാനാവതിയോട് ക്ഷമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

3. അടിയന്തരാവസ്ഥക്കാലത്തെ അറസ്റ്റ് വാറന്റ്

അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധിയെ രൂക്ഷമായി വിമർശിച്ചിരുന്ന അദ്ദേഹത്തിനെതിരെ കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് വാറന്റ് ഉണ്ടായിരുന്നു. ബോംബെ ഹൈക്കോടതി റദ്ദാക്കിയ ഈ വാറന്റിൽ അദ്ദേഹത്തിന് വേണ്ടി ഹാജരായത് നാനി പൽക്കിവാലയാണ്. മുന്നൂറ് അഭിഭാഷകരുടെ സംഘത്തിനാണ് അന്ന് പൽക്കിവാല നേതൃത്വം കൊടുത്തത്. അതേസമയം ഈ സ്റ്റേ പിന്നീട് റദ്ദാക്കപ്പെട്ടു. അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രചരണത്തിനായി പിന്നീട് അദ്ദേഹം കാനഡയിലേക്ക് ഒളിച്ചു കടന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം പത്ത് മാസത്തിന് ശേഷമാണ് അദ്ദേഹം രാജ്യത്ത് തിരിച്ചെത്തിയത്.

3. ഇന്ദിര, രാജീവ് വധക്കേസുകൾ

മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ട കേസുകളിൽ പ്രതികൾക്ക് വേണ്ടി വാദിച്ചത് രാം ജഠ്മലാനിയായിരുന്നു. ഇന്ദിരാഗാന്ധി വധക്കേസ് പ്രതികളായ ബാൽബിർ സിംഗും ഖേഹാർ സിംഗും തങ്ങൾക്ക് വേണ്ടി ജഠ്മലാനി വാദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തെ സമീപിച്ചു. ജഠ്മലാനി പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തു. ഇതേപ്പറ്റി അദ്ദേഹം പിന്നീട് പ്രതികരിച്ചത് അത് തന്റെ പ്രൊഫഷന്റെ ഭാഗമാണെന്നും വക്കാലത്ത് സ്വീകരിക്കുകയെന്നാല്ലാതെ മറ്റ് വഴികളൊന്നും ഉണ്ടായിരുന്നില്ലെന്നുമായിരുന്നു.

ബാൽബിറിനും മറ്റ് രണ്ട് സിഖ് സെക്യൂരിറ്റി ജീവനക്കാർക്കും വേണ്ടി ജഠ്മലാനി ശക്തമായി വാദിച്ചെങ്കിലും അവരെ ശിക്ഷയിൽ നിന്നും രക്ഷിക്കാൻ അദ്ദേഹത്തിനായില്ല. രാജീവ് ഗാന്ധി വധക്കേസിലും ജഠ്മലാനി പ്രതികൾക്ക് വേണ്ടി നിലകൊണ്ടു. 1991 മെയ് 21നുണ്ടായ ചാവേറാക്രമണത്തിൽ രാജീവ് ഗാന്ധിയാണ് കൊല്ലപ്പെട്ടതെന്നും അത് ഇന്ത്യക്കെതിരെയുള്ള കുറ്റമല്ലെന്നുമായിരുന്നു ജഠ്മലാനി പ്രതികരിച്ചത്.

4. ജയലളിതയ്‌ക്കെതിരായ സ്വത്ത് സമ്പാദന കേസ്

മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജീവിതം തന്നെ മാറ്റിയെഴുതിയ കേസായിരുന്നു ഇത്. 1991-96 കാലയളവിൽ മുഖ്യമന്ത്രിയായിരിക്കെ ജയലളിത 66.65 കോടിയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചുവെന്നായിരുന്നു കേസ്. ഇതിൽ ജയലളിതക്കും ശശികലയുൾപ്പെടെയുള്ള നാല് പ്രതികൾക്കും നാല് വർഷം തടവ് ശിക്ഷയും നൂറ് കോടി പിഴയുമാണ് വിചാരണ കോടതി വിധിച്ചത്. തുടർന്ന് അപ്പീൽ പോയ ജയലളിതയ്ക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത് രാം ജഠ്മലാനിയായിരുന്നു. പിന്നീട് 2015 ൽ ജയലളിതയ്ക്ക് ആശ്വാസകരമായ വിധി കർണാടക ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു.

5. 1990 ലെ ഹർഷദ് മേത്ത ഓഹരി കുംഭകോണം

1990 കളിലെ കുപ്രസിദ്ധമായ ഓഹരി കുംഭകോണത്തിൽ സാമ്പത്തിക തിരിമറിക്ക് ശിക്ഷിക്കപ്പെട്ട ഓഹരിദല്ലാളായിരുന്നു ഹർഷദ് മേത്ത.
അക്കാലത്ത് ബാങ്കുകൾക്കും അംഗീകൃത ബ്രോക്കർമാർക്കും റിസർവ് ബാങ്ക് ഓവ് ഇന്ത്യയുടെ സെക്യൂരിറ്റീസ് ജനറൽ ലെഡ്ജറിൽ തങ്ങൾക്കുള്ള സെക്യൂരിറ്റികൾക്ക് ആനുപാതികമായി ഡെലിവറി നോട്ട് നൽകുവാനുള്ള സംവിധാനം നിലനിന്നിരുന്നു. ഇത് മുതലെടുത്തുകൊണ്ട് സെക്യൂരിറ്റി ലെഡ്ജറിൽ ഇല്ലാത്ത സെക്യൂരിറ്റികൾക്ക് കള്ള ഡെലിവറി നോട്ട് നൽകുകയാണ് മേത്ത ചെയ്തത്. ഇത്തരത്തിൽ സംഘടിപ്പിച്ച് കോടിക്കണക്കിനു രൂപയുടെ പിൻബലത്തിൽ മേത്ത ഓഹരികൾ വാരിക്കൂട്ടുകയും ഊഹക്കച്ചവടത്തിലൂടെ വൻ തുക സമ്പാദിക്കുകയും ചെയ്തുവെന്നാണ് കേസ്.

ഈ കേസിൽ ഹർഷദ് മേത്തയ്ക്ക് വേണ്ടി ഹാജരായത് രാജ് ജഠ്മലാനിയായിരുന്നു. ഹർഷദ് മേത്തയ്‌ക്കെതിരായ നിയമപോരാട്ടം 27 വർഷത്തോളം നീണ്ട് നിന്നു. ഒടുവിൽ 2000 ഡിസംബറില്ഡ തന്റെ 31-ാം വയസിൽ ഹർഷദ് മേത്ത അന്തരിച്ചു.

ജഠ്മലാനി വാദിച്ച മറ്റ് പ്രധാന കേസുകൾ.

1. നരസിംഹ റാവു കൈക്കൂലി കേസ്

2എൽ.കെ അദ്വാനിക്ക് വേണ്ടി ജയിൻ ഹവാല കേസ്

3. ലാലു പ്രസാദ് യാദവിന് വേണ്ടി കാലിത്തീറ്റ കുംഭകോണ കേസ്

4. കനിമൊഴിക്ക് വേണ്ടി 2ജി സ്‌പെക്ട്രം കേസ്

5. ബിഎസ് യെദ്യുരപ്പക്ക് വേണ്ടി അനധികൃത ഖനന കേസ്

6. ഹാജി മസ്താന് വേണ്ടി കള്ളക്കടത്ത് കേസ്

7. സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസ്

8. അഫ്‌സൽ ഗുരുവിന്റെ വധശിക്ഷയ്‌ക്കെതിരെ

9. വിവാദ ആൾദൈവം ആസാറാം ബാപ്പുവിനെതിരായ കേസ്

10.ജസീക്ക ലാൽ കൊലപാതക കേസിൽ പ്രതി കോൺഗ്രസ് നേതാവ് മനു ശർമയ്ക്ക് വേണ്ടി ഹാജരായി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top