മാച്ച് ഫീ ആയ ഒന്നര ലക്ഷം രൂപ ഗ്രൗണ്ട് സ്റ്റാഫിന്; ഹൃദയം കവർന്ന് സഞ്ജു

ദക്ഷിണാഫ്രിക്ക ‘എ’യ്ക്കെതിരെ നടന്ന ഏകദിന പരമ്പര ഇന്ത്യ എ 4-1നു വിജയിച്ചിരുന്നു. അവസാനത്തെ രണ്ട് ഏകദിനങ്ങളിൽ മലയാളി താരം സഞ്ജു സാംസണും ഇന്ത്യക്കായി കളത്തിലിറങ്ങിയിരുന്നു. ആ രണ്ട് മത്സരങ്ങളിൽ നിന്നു ലഭിച്ച മാച്ച് ഫീ ഗ്രൗണ്ട് സ്റ്റാഫിനു നൽകി ഹൃദയം കവർന്നിരിക്കുകയാണ് സഞ്ജു. മഴയിൽ മുടങ്ങുമെന്ന ഭയമുണ്ടായിട്ടും വളരെ വേഗത്തിൽ ഗ്രൗണ്ട് മത്സരത്തിനു തയ്യാറാക്കിയതിനുള്ള ഉപഹാരമായാണ് സഞ്ജു മാച്ച് ഫീ അവർക്കു നൽകിയത്.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒരു റണ്ണെടുത്ത് പുറത്തായ സഞ്ജു രണ്ടാമത്തെ മത്സരത്തിൽ കണക്കു തീർത്തിരുന്നു. മഴ മൂലം 20 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത സഞ്ജു 48 പന്തിൽ 91 റൺസെടുത്ത് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചു. സഞ്ജുവിൻ്റെ മികവിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 36 റൺസിനു പരാജയപ്പെടുത്തിയിരുന്നു. അവസാന മത്സരത്തിനു ശേഷം സംസാരിക്കുമ്പോഴാണ് തൻ്റെ മാച്ച് ഫീ ഗ്രൗണ്ട് സ്റ്റാഫിനു നൽകാനുള്ള തീരുമാനം സഞ്ജു അറിയിച്ചത്.
ഗ്രൗണ്ട് ജീവനക്കാരുടെ കഠിനാധ്വാനം കൊണ്ട് മാത്രമാണ് മഴയ്ക്കിടയിലും മത്സരങ്ങൾ ഇവിടെ സാധ്യമായതെന്നും, അതിനാലാണ് താൻ മാച്ച് ഫീ അവർക്ക് നൽകാൻ തീരുമാനിച്ചതെന്നും സഞ്ജു പറഞ്ഞു. ഒരു മത്സരത്തിൽ 75000 രൂപയാണ് മാച്ച് ഫീ. അത് കൊണ്ടു തന്നെ രണ്ട് മത്സരത്തിൽ നിന്നും ലഭിച്ച 1.5 ലക്ഷം രൂപയാണ് സഞ്ജു ഗ്രൗണ്ട് ജീവനക്കാർക്ക് നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here