പൊടിപൊടിച്ച് താരലേലം; ഇനി കളത്തിൽ വാശിയേറും പോരാട്ടം; കേരള ക്രിക്കറ്റ് ലീഗ് കളറാക്കാൻ KCA

കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) നേതൃത്വത്തിൽ തിരുവനന്തപുരത്തെ ഗ്രാൻഡ് ഹയാത്തിൽ ശനിയാഴ്ച്ച നടന്ന സീസൺ 2 കളിക്കാരുടെ ലേലം വിജയകരമായി പൂർത്തിയായി. പ്രക്രിയയിലുടനീളം കണ്ട ആവേശവും സൂക്ഷ്മമായ ടീം ബിൽഡിങ് ശ്രമങ്ങളും കേരളം ഈ ലീഗിന് തയ്യാറാണെന്ന് മാത്രമല്ല, അതിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ തയ്യാറാണെന്നുമുള്ള തങ്ങളുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതാണെന്നും കെസിഎ ഭാരവാഹികൾ പറഞ്ഞു. നിരവധി വളർന്നുവരുന്ന പ്രതിഭകളും പുതുമുഖങ്ങളും ലേലപ്പട്ടികയിൽ ഇടം നേടി.
ഓഗസ്റ്റ് 21-നാണ് കെസിഎല്ലിന്റെ രണ്ടാം സീസണിന് തുടക്കമാകുന്നത്. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ സ്പോർട്സ് ഹബ്ബിൽ കെസിഎ പുതുതായി സ്ഥാപിച്ച എൽഇഡി ഫ്‌ളഡ്ലൈറ്റുകൾക്ക് കീഴിലാണ് ലീഗ് മത്സരങ്ങൾ നടക്കുക. ഓരോ ദിവസവും രണ്ട് മത്സരങ്ങൾ വീതം ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 2:30 നും മറ്റൊന്ന് വൈകുന്നേരം 6:45 നുമാണ് മത്സരങ്ങൾ. എല്ലാ ഗെയിമുകളും സ്റ്റാർ സ്പോർട്സ് 3-ലും ഏഷ്യാനെറ്റ് പ്ലസിലും തത്സമയം സംപ്രേഷണം ചെയ്യും. ഒന്നാം സീസണിൽ സ്റ്റാർ സ്പോർട്സ് 1-ലൂടെ 14 ദശലക്ഷം പേരും ഫാൻകോഡിൽ 2.4 ദശലക്ഷം പേരും ഏഷ്യാനെറ്റ് പ്ലസിലെ രണ്ട് സംപ്രേക്ഷണങ്ങളിലൂടെ 2 ദശലക്ഷം പേരും മത്സരങ്ങൾ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ക്രിക്കറ്റ് പ്രേമികൾക്ക് എല്ലാ മത്സരങ്ങളിലേക്കും പ്രവേശനം ഇത്തവണയും സൗജന്യമായിരിക്കും. സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും ഓൺലൈൻ കൂപ്പണുകൾ വഴിയായിരിക്കും പ്രവേശനം. ടിക്കറ്റിംഗിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കും. ഈ സീസണിൽ, ക്രിക്കറ്റിനപ്പുറം സംസ്ഥാനത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയിലും നിർണായക പങ്ക് വഹിക്കാൻ കെസിഎൽ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി കേരള ടൂറിസവുമായി സഹകരിച്ച്, ‘ക്രിക്കറ്റ് ടൂറിസം’ എന്ന ആശയം മുന്നോട്ടുവെയ്ക്കാനുള്ള സാധ്യത ആരായുകയാണ്. ഇതിന് പുറമേ കേരളത്തിലെ നിറപ്പകിട്ടാർന്ന ഓണാഘോഷങ്ങളുമായി സഹകരിക്കാനും കെസിഎൽ ലക്ഷ്യമിടുന്നു. കെസിഎല്ലിന്റെ പരിപാടികളിൽ ആരാധകരെയും സമൂഹത്തിന്റെയുമാകെ പങ്കാളിത്തത്തോടെ സാമൂഹിക അവബോധ കാമ്പെയ്നുകൾ സംഘടിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.
ഡിജിറ്റൽ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനായി, മാസ്‌കോട്ട് അധിഷ്ഠിത ആനിമേറ്റഡ് കോണ്ടന്റ് തയ്യാറാക്കാനായി കെസിഎൽ ടൂൺസ് ആനിമേഷൻ ഇന്ത്യയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്, കൂടാതെ ക്രിക്കറ്റ് പ്രേമികളെ കളിയുമായി കൂടുതൽ ബന്ധിപ്പിക്കുന്നതിന് ഒരു പുതിയ ഫാൻ എൻഗേജ്‌മെന്റ് ആപ്പും വികസിപ്പിച്ചിട്ടുണ്ട്.
Story Highlights : The auction conducted by the Kerala Cricket Association (KCA) has been completed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here