പതിമൂന്നുകാരിയെ ഒറ്റയ്ക്ക് റോഡിലിറക്കി വിട്ടു; ബസ് ജീവനക്കാർക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം

കുടുംബത്തിനൊപ്പമുള്ള യാത്രയ്ക്കിടെ പതിമൂന്നുകാരിയെ ഒറ്റയ്ക്ക് റോഡിലിറക്കി വിട്ട ബസ് ജീവനക്കാർക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. ഇടപ്പള്ളിയിൽ നിന്നും കോട്ടയ്ക്കലിലേക്ക് യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിലെ കുട്ടിയെയാണ് ബസ് ജീവനക്കാർ വഴിയിൽ ഇറക്കി വിട്ടത്.
ബസ് ഗുരുവായൂർ ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ കുട്ടിയുടെ മാതാപിതാക്കൾ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ഇറങ്ങുകയായിരുന്നു. മൂത്ത മകളെ സീറ്റിലിരുത്തി കൈക്കുഞ്ഞിനെയും കൊണ്ടാണ് മാതാപിതാക്കൾ ശുചിമുറിയിലേക്ക് പോയത്. എന്നാൽ ഇവർ തിരിച്ചെത്തുന്നതിന് മുമ്പേ ബസ് പുറപ്പെടുകയായിരുന്നു.
തുടർന്ന് പെൺകുട്ടി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ കണ്ടക്ടർ കുട്ടിയെ കിലോമീറ്ററുകൾക്കപ്പുറം വഴിയിൽ ഇറക്കി വിട്ടെന്നാണ് പരാതി. മൈത്രി എന്ന സ്വകാര്യ ബസിലെ ജീവനക്കാർക്കെതിരെ ലഭിച്ച പരാതിയിൽ തൃശൂർ ജില്ലാ പൊലീസ് മേധാവിയും ആർടിഒയും അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടു.
റിപ്പോർട്ടുകൾ കിട്ടിയ ശേഷം തൃശൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.കുട്ടിയെ പൊലീസ് സ്റ്റേഷനിൽ എത്തിക്കാനുള്ള സന്മനസ് കണ്ടക്ടർ കാണിച്ചില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഓരോ പൊലീസ് സ്റ്റേഷനിലും ഒരു ജുവനൈൽ പൊലീസ് ഓഫീസർ ഉണ്ട്. ഈ ഓഫീസർ വഴി കുട്ടിയെ മാതാപിതാക്കൾക്ക് അരികിൽ എത്തിക്കാമായിരുന്നു. ബസ് ജീവനക്കാരുടെ നടപടി ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here