അഞ്ച് ദിവസത്തിനുള്ളിൽ ഒഴിയണം; മരടിലെ ഫ്ളാറ്റുകളിലെ താമസക്കാർക്ക് നോട്ടീസ് നൽകി

മരടിലെ അനധികൃത ഫ്ളാറ്റുകൾ പൊളിച്ചു കളയാനുള്ള സുപ്രിംകോടതി വിധി നടപ്പാക്കാൻ മരട് നഗരസഭയുടെ തീരുമാനം. അഞ്ച് ദിവസത്തിനുള്ളിൽ ഒഴിയണമെന്നാവശ്യപ്പെട്ട് ഫ്ളാറ്റിലെ താമസക്കാർക്ക് നോട്ടീസ് നൽകുമെന്ന് നഗരസഭ ചെയർപേഴ്സൺ ടി.എച്ച് നദീറ കൗൺസിൽ യോഗത്തിന് ശേഷം അറിയിക്കുകയായിരുന്നു. തുടർന്നാണ് വൈകീട്ട് 3 മണിയോടെ നഗരസഭാ ഉദ്യോഗസ്ഥരെത്തി ഫ്ളാറ്റുകളിൽ നോട്ടീസ് പതിച്ചു തുടങ്ങിയത്.
അതേ സമയം താമസക്കാരുടെ വികാരം സർക്കാരിനെ അറിയിക്കാനും സർക്കാരുമായി കൂടിയാലോചിച്ച് താമസക്കാർക്ക് അനുകൂലമായി നിയമനടപടി സ്വീകരിക്കാനും കൗൺസിൽ പ്രമേയം പാസാക്കി.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച ഫ്ളാറ്റുകൾ പൊളിക്കുന്ന വിഷയം ചർച്ച ചെയ്യാനാണ് മരട് നഗരസഭ ഇന്ന് പ്രത്യേക കൗൺസിൽ യോഗം ചേർന്നത്.കൗൺസിൽ യോഗം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഫ്ളാറ്റിലെ താമസക്കാർ പ്രതിഷേധവുമായി നഗരസഭയ്ക്ക് മുന്നിൽ എത്തിയിരുന്നു. ഫ്ളാറ്റ് പൊളിച്ച് കളയരുതെന്നാണ് കൗൺസിൽ യോഗത്തിൽ ഒരാളൊഴികെ മറ്റെല്ലാ അംഗങ്ങളും ആവശ്യപ്പെട്ടത്. അഞ്ച് ദിവസത്തിനുള്ളിൽ താമസക്കാരോട് ഒഴിയണമെന്നാവശ്യപ്പെട്ട് ഇന്നു തന്നെ നോട്ടീസ് നൽകുമെന്ന് നഗരസഭ സെക്രട്ടറിയും ചെയർപേഴ്സണും അറിയിച്ചു.
അതേ സമയം കൗൺസിൽ യോഗ തീരുമാനമല്ല ചെയർപേഴ്സണും സെക്രട്ടറിയും മാധ്യമങ്ങളെ അറിയിച്ചതെന്നാരോപിച്ച് ഭൂരിഭാഗം അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ ഒഴിഞ്ഞുപോകാനുള്ള നോട്ടീസ് കൈപ്പറ്റില്ലെന്ന് ഫ്ളാറ്റുടമകൾ അറിയിച്ചിട്ടുണ്ട്. നോട്ടീസുമായി നഗരസഭാ ഉദ്യോഗസ്ഥരെ അകത്തേക്ക് കടക്കാൻ അനുവദിക്കില്ലെന്നും ഇവർ അറിയിച്ചു. നഗരസഭ ഉദ്യോഗസ്ഥർ പ്രവേശിക്കാതിരിക്കാൻ ചില ഫ്ളാറ്റ് സമുച്ചയങ്ങളുടെ ഗേറ്റുകൾ പൂട്ടിയിട്ടിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here