ഫ്‌ളാറ്റുകളുടെ മുറ്റത്ത് ഇത്തവണ സദ്യയും ആർപ്പുവിളികളുമില്ല; മരടിലെ 159 കുടുംബങ്ങൾക്കിത് കണ്ണീരോണം

‘നാളെ തിരുവോണമാണ്. കുട്ടികളെല്ലാം ഓണാഘോഷത്തെക്കുറിച്ചാണ് പറയുന്നത്. പൂക്കളവും സദ്യയുമൊന്നുമില്ലേയെന്ന് ചോദിക്കുന്നു. എന്തു പറയണമെന്നോ ചെയ്യണമെന്നോ അറിയാത്ത നിസ്സഹായാവസ്ഥയിലാണ് ഞങ്ങളെല്ലാവരും. മരണവീട് പോലെയാണ് ഇപ്പോൾ ഇവിടുത്തെ ഓരോ ഫ്‌ളാറ്റുകളും.’ ഉത്രാട നാളിൽ മരടിലെ ഒരു ഫ്‌ളാറ്റുടമയുടെ കണ്ണീരണിഞ്ഞ വാക്കുകളാണിത്. ഇത്തവണ ഈ ഫ്‌ളാറ്റ് സമുച്ചയങ്ങൾക്ക് മുന്നിൽ ഓണാഘോഷങ്ങളും സദ്യയും വടംവലി മത്സരവുമൊന്നുമില്ല. ഇതുവരെ ഓണക്കാലത്ത് ആഘോഷങ്ങളുടെ ആരവമുയർന്നിരുന്ന ഫ്‌ളാറ്റുകളുടെ ഇടനാഴികളിൽ ഇത്തവണ ആശങ്കയുടെ നിശബ്ദതയാണ്. ഇവർക്കിത് കണ്ണീരിന്റെ ഓണമാണ്.
ജീവിതത്തിൽ ഇതുവരെയുണ്ടാക്കിയ സമ്പാദ്യമെല്ലാം ചിലവാക്കിയും ലോണെടുത്തും വാങ്ങിയ കിടപ്പാടം കൈവിട്ടു പോകുന്നതിന്റെ ഭീതിയിലാണ് മരടിലെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ താമസക്കാർ. സുപ്രിം കോടതി വിധിയെ തുടർന്ന് ഫ്‌ളാറ്റുകൾ പൊളിച്ചു മാറ്റാൻ സർക്കാർ നടപടികൾ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇത്തവണ ഇവർക്കെല്ലാം ഓണത്തിന് കണ്ണീരും ആശങ്കകളും മാത്രമേയുള്ളൂ. പത്തും പതിനഞ്ചും വർഷങ്ങൾക്കു മുമ്പേ ഇവിടെ ഫ്‌ളാറ്റുകൾ വാങ്ങിയവരാണ് ഇവരിൽ പലരും. സാധാരണക്കാർ മുതൽ സിനിമാ താരങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്. എല്ലാ ഓണക്കാലത്തും ആഘോഷങ്ങളുമായി ഫ്‌ളാറ്റുകളിൽ ഒത്തുകൂടിയിരുന്നവർ ഇത്തവണ സ്വന്തം കിടപ്പാടം കൈവിട്ടു പോകാതിരിക്കാനുള്ള അവസാന ശ്രമങ്ങളുടെ തിരക്കിലാണ്.
ഇനി ഏതു നിമിഷവും പുറത്താക്കപ്പെടുമെന്ന ഭീതിയിലാണ് ഇവരെല്ലാം. നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളിലായി 288 ഫ്‌ളാറ്റുകളാണ് സുപ്രിം കോടതി ഉത്തരവ് പ്രകാരം പൊളിക്കേണ്ടത്. എന്നാൽ ഇവിടെ നിന്നിറങ്ങിയാൽ എങ്ങോട്ടു പോകണമെന്ന് പലർക്കും അറിയില്ല. ‘ആത്മഹത്യയല്ലാതെ മറ്റു വഴികളില്ല. വൃദ്ധരായ മാതാപിതാക്കളുമായി ഞങ്ങൾ എങ്ങോട്ടു പോകാനാണ് ?’ ഫ്‌ളാറ്റുടമകളിൽ ഒരാളായ ആൻസിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഇന്നലെ ഫ്‌ളാറ്റുകൾ കാണാനെത്തിയ ചീഫ് സെക്രട്ടറിക്ക് നേരെ ഫ്‌ളാറ്റുടമകൾ പ്രതിഷേധിച്ചിരുന്നു. കുട്ടികൾ അടക്കമുള്ളവരാണ് മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചത്.
എന്നാൽ തങ്ങൾക്ക് പ്രതിഷേധമില്ലെന്നും സങ്കടമാണ് പങ്കുവച്ചതെന്നും ഫ്‌ളാറ്റുടമകൾ പറയുന്നു. മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു മാറ്റാനുള്ള നടപടികൾ കഴിഞ്ഞ ദിവസം മുതലാണ് സർക്കാർ ആരംഭിച്ചത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച കൊച്ചിയിൽ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് പരിചയ സമ്പന്നരായ കമ്പനികളിൽ നിന്ന് നഗരസഭ ഇന്ന് താത്പര്യ പത്രം ക്ഷണിച്ചിട്ടുണ്ട്. 15 നിലയ്ക്ക് മുകളിലുള്ള നാല് ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് താത്പര്യം ക്ഷണിച്ചുകൊണ്ടാണ് മരട് നഗരസഭ പത്രങ്ങളിൽ പരസ്യം നൽകിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here