കണ്ണൂർ ചെറുപുഴയിൽ കരാറുകാരൻ മരിച്ച സംഭവം; കെപിസിസി സമിതിയുടെ തെളിവെടുപ്പ് ഇന്ന്

കണ്ണൂർ ചെറുപുഴയിൽ കരാറുകാരൻ മരിച്ച സംഭവത്തിൽ കെപിസിസി സമിതിയുടെ തെളിവെടുപ്പ് ഇന്ന്. ആരോപണ വിധേയരായ കോൺഗ്രസ് നേതാക്കളെ പോലീസ് നാളെ ചോദ്യം ചെയ്തേക്കും.
ചെറുപുഴയിൽ കരാറുകാരനായ മുതുപാറക്കുന്നേൽ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് കെ.പി.സി.സി, അന്വേഷണത്തിനായി സമിതിയെ നിയോഗിച്ചത്. സമിതി അംഗങ്ങൾ ഇന്ന് ജോസഫിന്റെ വീട് സന്ദർശിക്കും. ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തും. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ വി.എ.നാരായണൻ, കെ.പി.അനിൽകുമാർ, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ധിഖ് എന്നിവരാണ് സമിതി അംഗങ്ങൾ. സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർദ്ദേശം നൽകിരുന്നു.
Read Also : കണ്ണൂരിൽ നിർമാണ കരാറുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ
കോൺഗ്രസ് നേതാക്കളാണ് മരണത്തിന് ഉത്തരവാദികളെന്ന് ചൂണ്ടിക്കാട്ടി ജോസഫിന്റെ മകൻ കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റിന് കത്തയച്ചിരുന്നു. ജോസഫിനെ കോൺഗ്രസ് നേതാക്കൾ ചതിച്ച് ഇല്ലാതാക്കിയതാണെന്നും നീതിക്കായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ്
ജോസഫിന്റെ മകൻ ഡെൻസ് കത്തയച്ചത്. ജോസഫിന്റെ മരണത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ആരോപണ വിധേയരായ കോൺഗ്രസ് നേതാക്കളെ നാളെ ചോദ്യം ചെയ്തേക്കും.
കെ.പി.സി.സി മുൻ നിർവ്വാഹക സമിതി അംഗം കെ കുഞ്ഞിക്കൃഷ്ണൻ നായർ, ചെറുപുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് റോഷി ജോസ് തുടങ്ങി ഏഴ് പേർക്കാണ് നാളെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകിയത്. ഇവർ നേതൃത്വം നൽകുന്ന ട്രസ്റ്റിന് വേണ്ടി കെട്ടിടം നിർമ്മിച്ച വകയിൽ ഒരു കോടി മുപ്പത്തിനാല് ലക്ഷം രൂപ കരാറുകാരനായ ജോസഫിന് ലഭിക്കാനുണ്ടായിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here