മഴ പെയ്യാനായി കല്യാണം നടത്തിയപ്പോൾ വെള്ളപ്പൊക്കം; ആ തവളകൾ വേർപിരിഞ്ഞു

ജൂലായ് മാസത്തിൽ രണ്ട് തവളകളെ തമ്മിൽ വിവാഹം കഴിപ്പിച്ച സംഭവം നമ്മളൊക്കെ അറിഞ്ഞതാണ്. കടുത്ത വേനലിൽ വരണ്ടുണങ്ങിയ മധ്യപ്രദേശിലെ ഭോപ്പാലിൽ മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താനായിരുന്നു തവളക്കല്യാണം. ജൂലായ് 19ന് ഓം ശിവ് സേവാ ശക്തി മണ്ഡൽ എന്ന സംഘടനയാണ് തവളകളെ കല്യാണം കഴിപ്പിച്ചത്.
ദൈവം പ്രീതിപ്പെട്ടത് ഇത്തിരി കൂടിപ്പോയി. തകർപ്പൻ മഴ. തുള്ളിക്കൊരു കുടം കണക്കെ പെയ്ത മഴയിൽ മധ്യപ്രദേശിലെ പല സ്ഥലങ്ങളിലും പ്രളയമുണ്ടായി. പല തരം അലേർട്ടുകളും ഇപ്പോൾ സംസ്ഥാനത്തുണ്ട്. മഴ കുറയ്ക്കാനെന്തു ചെയ്യുമെന്ന ചിന്തയിൽ നിന്നാണ് തവളകളെ വേർപിരിച്ചു കളയാം എന്ന് അവർ തീരുമാനിച്ചത്. മഴ പെയ്തത് ഇവർ കല്യാണം കഴിച്ചപ്പോഴാണെങ്കിൽ ബന്ധം വേർപിരിയുമ്പോൾ മഴ കുറയേണ്ടതാണല്ലോ. കല്യാണം നടത്തിയവർ തന്നെ തവളകളെ ഡിവോഴ്സും ചെയ്യിപ്പിച്ചു.
മഴ കുറഞ്ഞ് അന്തരീക്ഷം ശാന്തമാകുന്നതു വരെ ഇരുവരെയും ദൂരെ പാർപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം. ഇനിയെങ്ങാനും ഇവരുടെ കണ്ണുവെട്ടിച്ച് തവളകൾ ഒന്നായാലോ എന്ന ശങ്ക നിലവിലുണ്ട്. എങ്ങനെയായാലും മഴ കുറയട്ടെ!
സെപ്തംബർ 11നു മാത്രം മധ്യപ്രദേശിൽ ലഭിച്ചത് സാധാരണ ലഭിക്കുന്നതിനെക്കാൾ 20 ശതമാനത്തിലധികം മഴയാണ്. 48 മില്ലിമീറ്റർ വരെ മഴയാണ് ഭോപ്പാലിൽ തകർത്തു പെയ്തത്. സംസ്ഥാനത്തുടനീളം ഡാമുകൾ തുറക്കാൻ ആരംഭിച്ചിട്ടുണ്ട്. മഴ തുടർന്നാൽ വലിയ പ്രളയം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here