Advertisement

ഗതാഗത നിയമലംഘനം; സംസ്ഥാനത്ത് പിഴ പകുതിയായി കുറച്ചേക്കും

September 12, 2019
0 minutes Read

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പുതിയ കേന്ദ്ര നിയമത്തില്‍ നിര്‍ദേശിച്ചിട്ടുള്ള പിഴ തുക സംസ്ഥാനത്ത് പകുതിയായി കുറച്ചേക്കും. ഇതിനുള്ള നിയമ സാധ്യത ആരാഞ്ഞുവരികയാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

ഹെല്‍മറ്റ്, സീറ്റ്‌ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള നിയമ ലംഘനങ്ങള്‍ക്ക് ആയിരം രൂപയാണ് കേന്ദ്ര നിയമം നിര്‍ദേശിക്കുന്ന പിഴ തുക. ഇത് അഞ്ഞൂറു രൂപയായി കുറയ്ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്. ലൈസന്‍സ് ഇല്ലാതെ വണ്ടിയോടിക്കുന്നതിനുള്ള അയ്യായിരം രൂപ പിഴ മൂവായിരമാക്കി കുറയ്ക്കും. പെര്‍മിറ്റ് ലംഘനം, ഓവര്‍ ലോഡ് എന്നിവയ്ക്കുള്ള കനത്ത പിഴയിലും ഇളവു വരുത്തും. അതേസമയം മദ്യപിച്ചുള്ള ഡ്രൈവിങ്ങിനുള്ള പിഴ തുക കേന്ദ്ര നിയമത്തിലുള്ള അതേപടി നിലനിര്‍ത്താനും ധാരണയായിട്ടുണ്ട്. തിങ്കളാഴ്ച ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവും.

കേന്ദ്ര നിയമം നടപ്പാക്കി സംസ്ഥാനത്ത് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ അതില്‍ എങ്ങനെ മാറ്റം വരുത്താനാവുമെന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. വിജ്ഞാപനം പിന്‍വലിക്കാനാവുമോയെന്ന് സര്‍ക്കാര്‍ നേരത്തെ നിയമോപദേശം തേടിയിരുന്നു. അതിനു കഴിയില്ലെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ബിജെപി ഭരിക്കുന്നവ ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ പിഴ തുക കുറയ്ക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി ഇവര്‍ സ്വീകരിച്ച നിയമത്തിലെ പഴുതുകളും, ആ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളും അടക്കം വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഗതാഗതം നിയമം ലംഘിക്കുന്നതിനുള്ള പിഴ തുക അമ്പത് ശതമാനമായി കുറച്ച ഗുജറാത്ത് സര്‍ക്കാരിന്റെ മാതൃക പരിശോധിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. വലിയ പിഴ ഈടാക്കുന്നത് ഇപ്പോള്‍ താല്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുയാണ്. ഓണക്കാലത്ത് മോട്ടോര്‍ വാഹനനിയമം ലംഘിക്കുന്നവര്‍ക്ക് പിഴയ്ക്ക് പകരം ബോധവല്‍ക്കരണം നല്‍കാനാണ് തീരുമാനം.

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിനെതിരെ സിപിഎമ്മും കോണ്‍ഗ്രസും അടക്കം രംഗത്തു വന്നിരുന്നു. പുതിയ നിയമം അശാസ്ത്രീയമാണെന്നും, വന്‍ അഴിമതിക്ക് കളമൊരുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top