നിശ്ചിത അതിർത്തിക്കുള്ളിൽ തളച്ചിടാനുള്ളതല്ല ഡാറ്റ; മുകേഷ് അംബാനിക്ക് മറുപടിയുമായി ഫേസ്ബുക്ക്

അതിർത്തികളുണ്ടാക്കി തളച്ചിടാതെ ഡാറ്റയുടെ ഒഴുക്ക് സുഗമമാക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്ന് ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് നിക് ക്ലെഗ്. ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ ആഗോള കോർപറേറ്റുകൾ കൈകാര്യം ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്നും വിവരങ്ങൾ ഇന്ത്യക്കാർ തന്നെയാണ് സൂക്ഷിക്കേണ്ടതെന്നുമുള്ള മുകേഷ് അംബാനിയുടെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടാണ് ഫേസ്ബുക്ക് നിലപാട് വ്യക്തമാക്കിയത്. ഉപയോക്താക്കളുടെ അവകാശങ്ങളും അധികാരങ്ങളും പരിഗണിക്കുകയും അതേ സമയം തന്നെ എല്ലാവർക്കും ഒരു പോലെ ലഭ്യവുമായ ഒരു ഇന്റർനെറ്റ് സംസ്‌ക്കാരം രൂപപ്പെടുത്തുകയാണ് വേണ്ടതെന്നും നിക് ക്ലെഗ് വ്യക്തമാക്കി. നിശ്ചിത അതിർത്തികൾക്കുള്ളിൽ സൂക്ഷിച്ചു വയ്‌ക്കേണ്ട പുതിയ എണ്ണയാണ് ഡാറ്റയെന്നാണ് പലരുടെയും ധാരണ.
എന്നാൽ അതു തെറ്റാണ്. അതിർത്തികളില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കുമ്പോഴാണ് ഡാറ്റയുടെ കാര്യക്ഷമത പൂർണമായും പുറത്തുവരുകയെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് പേമെന്റ് സേവനങ്ങൾ ആരംഭിക്കുന്നതിന് വിദേശകമ്പനികൾ ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ ഇന്ത്യയിൽ തന്നെ സൂക്ഷിക്കണമെന്നതടക്കമുള്ള റിസർവ് ബാങ്ക് ചട്ടങ്ങൾ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള കമ്പനികൾക്ക് തിരിച്ചടിയായിരുന്നു. ചട്ടങ്ങൾ പൂർണമായി പാലിക്കാത്തതിന്റെ പേരിൽ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പിന്റെ പേമെന്റ് സർവീസിന് പ്രവർത്തനാനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു ഫേസ്ബുക്കിന്റെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here