ഫ്ലക്സ് വീണ് യുവതി മരിച്ച സംഭവം: സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് മദ്രാസ് ഹൈക്കോടതി

റോഡരികിലെ ഫ്ലക്സ് വണ്ടിയുടെ പുറത്തേക്ക് വീണ് യുവതി മരിച്ച സംഭവത്തിൽ തമിഴ്നാട് സർക്കാരിനെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി. സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരെ ഉത്തരവ് നടപ്പിലാക്കി മടുത്തുവെന്നും കോടതി പറഞ്ഞു. ഈ രാജ്യത്ത് ജീവിക്കുന്നതിൽ യാതൊരു പരിഗണയും ലഭിക്കുന്നില്ലെന്നും ഇത് ബ്യൂറോക്രാറ്റുകളുടെ ഉദാസീനതയാണെന്നും കോടതി നിരീക്ഷിച്ചു.
സംഭവത്തിൽ കോടതി സ്വമേധയാ കേസ് എടുത്തു. പോലീസിനോടും കോർപറേഷൻ അധികൃതരോടും നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടു. സംഭവത്തെ തുടർന്ന് അണ്ണാ ഡിഎംകെ നേതാവ് ജയഗോപാലിനെതിരെ പോലീസ് കേസെടുത്തിരുന്നു.
ചെന്നൈ സ്വദേശിയായ സോഫ്റ്റ് വെയർ എഞ്ചിനീയർ ശുഭാശ്രീ രവി(23) ആണ് അപകടത്തിൽപ്പെട്ടത്. ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വരവേ ഡിവൈഡറിൽ സ്ഥാപിച്ചിരുന്ന അണ്ണാഡിഎംകെ നേതാവിന്റെ മകന്റെ വിവാഹ പരസ്യം പതിച്ച ബോർഡ് മറിഞ്ഞു വീഴുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടമായി പിന്നാലെ വന്ന ടാങ്കർ ലോറിക്ക് മുന്നിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് ടാങ്കർ ലോറി ഡ്രൈവറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈയിൽ റോഡരികിൽ അനധികൃത ബാനറുകളും പരസ്യബോർഡുകളും റോഡിൽ സ്ഥാപിക്കുന്നത് കുറ്റകരമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here