പർദ നിർബന്ധമില്ല; സൗദി തെരുവുകളിൽ പാശ്ചാത്യ വേഷമണിഞ്ഞ് സൗദി വനിത; ചിത്രങ്ങൾ

സൗദിയിലെ പർദ നിയമം എടുത്തു കളഞ്ഞതിന് ശേഷം ആദ്യമായി സൗദി തെരുവുകളിലൂടെ പാശ്ചാത്യ വേഷത്തിൽ സഞ്ചരിച്ച് സൗദി വനിത. റിയാദിലെ ഷോപ്പിംഗ് മാളിലാണ് മുപ്പത്തിമൂന്നുകാരിയായ മഷേൽ -അൽ-ജലൗദ് പാശ്ചാത്യ വേഷമണിഞ്ഞ് എത്തിയത്. മഷേലിന്റെ ചിത്രങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്.
സൗദിയിൽ സ്ത്രീകൾ പർദ ധരിക്കണമെന്ന് നിർബന്ധമായിരുന്നു. എന്നാൽ സിബിഎസിന് നൽകിയ ഒരു അഭിമുഖത്തിൽ ഇസ്ലാമിൽ പർദ നിർബന്ധമല്ലെന്ന് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞതോടെയാണ് സൗദിയിലെ പർദ നിയമത്തിൽ മാറ്റം വരുന്നത്. എന്നാൽ ഇതിന് ശേഷവും പർദയിൽ നിന്നും പുറത്തുവരാൻ സ്ത്രീകൾ മടിച്ചിരുന്നു. നൂറ്റാണ്ടുകളായി സൗദിയിൽ പിന്തുടർന്നുവന്ന പർദ നിയമത്തിൽ നിന്നും മാറാൻ വിമുഖത കാണിക്കുന്നിടത്താണ് മഷേൽ സധൈര്യം പാശ്ചാത്യ വേഷത്തിൽ നഗരത്തിലിറങ്ങിയത്.
പർദ നിർബന്ധമല്ലെന്ന പ്രസ്താവന വന്നതിന് പിന്നാലെ ഫ്രണ്ട് ഓപ്പൺ പർദയുടെ മുൻവശത്തെ കുടുക്കുകളെല്ലാം അഴിച്ച് അകത്ത് വർണശബളമായ വസ്ത്രങ്ങളണിഞ്ഞ് സ്ത്രീകൾ പർദ കോട്ട് രീതിയിൽ ധരിച്ചു തുടങ്ങിയിരുന്നു. എന്നാലും പർദ ശരീരത്തുനിന്നും എടുത്തുമാറ്റാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല.
ഹ്യൂമൻ റിസോഴ്‌സ് സ്‌പെഷ്യലിസ്റ്റായ മഷേൽ ഓറഞ്ച് നിറത്തിലുള്ള ടോപ്പും ബാഗി പാന്റ്‌സും അണിഞ്ഞാണ് റിയാദ് മാളിൽ എത്തിയത്. മഷേലിനെ ഇത്തരത്തിൽ കണ്ടപ്പോൾ പലരും ഞെട്ടി. ചിലർ വായപൊത്തിയും പുരികം ചുളിച്ചും അവശ്വസനീയമായി ഇവരെ നോക്കി. പലരും മഷേൽ ഒരു മോഡലാണെന്ന് വരെ തെറ്റിധരിച്ചു.
പർദ ധരിക്കാത്തതിന്റെ പേരിൽ മഷേലിനെതിരെ പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. ജൂലൈയിൽ ഒരിക്കൽ ഇത്തരത്തിൽ പർദയില്ലാതെ റിയാദ് മാളിലെത്തിയ മഷേലിന് മാൾ അധികൃതർ പ്രവേശനം നിഷേധിച്ചിരുന്നു. സൗദി രാജാവിന്റെ ഇന്റർവ്യൂ ദൃശ്യങ്ങൾ കാണിച്ചിട്ടും പ്രവേശനം നിഷേധിച്ചിരുന്നു. മറ്റൊരു ദിവസം സൂപ്പർമാർക്കറ്റിൽ പർധ ധരിക്കാതെ എത്തിയ മഷേലിനെ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞ് പർദ ധരിച്ച ഒരു യുവതി ഭീഷണിപ്പെടുത്തിയിരുന്നു. ജോലി പോകുമെന്നുള്ളതുകൊണ്ട് മാത്രം ജോലി സ്ഥലത്ത് പർദ ധരിച്ചാണ് മഷേൽ പോകുന്നത്.
മനഹേൽ-അൽ-ഒതൈബി എന്ന 25 കാരിയായ ആക്ടിവിസ്റ്റും പർദ മാറ്റി ഇഷ്ടവേഷം ധരിച്ച് സൗദി നഗരത്തിൽ എത്തിയിരുന്നു.
നൂറ്റാണ്ടുകൾ പഴക്കമുള്ള നിരവധി കാലഹരണപ്പെട്ട നിയമങ്ങളാണ് സൗദിയിലെ സൽമാൻ രാജാവ് പൊളിച്ചെഴുതിയത്. പർദ നിയമം, സ്ത്രീകൾക്ക് വാഹനം ഓടിക്കാനുള്ള അവകാശം എന്നിങ്ങനെയുള്ള സൗദി സ്ത്രീകളുടെ ഉന്നമനം ലക്ഷ്യംവച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് പുറമെ സൗദിയിൽ സിനിമാ തിയറ്ററുകൾക്കും രാജാവ് അനുമതി നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here