ഈ ദൃശ്യങ്ങൾ ഡോറിയൻ ചുഴലിക്കാറ്റിന്റേതല്ല [24 Fact Check]

കാനഡയിലും തെക്ക്കിഴക്കൻ അമേരിക്കയിലും കനത്ത നാശം വിതച്ച ഡോറിയൻ ചുഴലിക്കാറ്റിന്റേതെന്ന പേരിൽ അടുത്തിടെ ഭീതിജനകമായ ഒരു ചുഴലിക്കാറ്റിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് വ്യാജമാണ്.
ഫിസിക്‌സ് ആസ്‌ട്രോണമി എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ ആദ്യം പുറത്തുവന്നത്. ഫ്‌ളോറിഡ തീരത്തേക്കടുക്കുന്ന ഡോറിയൻ ചുഴലിക്കാറ്റ് എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
A view of Hurricane Dorian ? from the coasts of Florida. pic.twitter.com/1CgHofJ2LG
— Physics-astronomy.org (@OrgPhysics) September 6, 2019
ഇതിനോടകം തന്നെ 6.56 മില്യൺ പേരാണ് ഈ അക്കൗണ്ടിലൂടെ മാത്രം വീഡിയോ കണ്ടിരിക്കുന്നത്. പാകിസ്താനി ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ഹുസ്സൈൻ അടക്കമുള്ള നിരവധി പ്രമുഖർ വരെ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
എന്നാൽ ഈ വീഡിയോ വെറും ഗ്രാഫിക്‌സ് ദൃശ്യങ്ങളാണെന്നതാണ് സത്യം. അമേരിക്കൻ ഫോട്ടോഗ്രാഫർ ബ്രെന്റ് ഷാവ്‌നോർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ദി ഗ്ലിച്ച്’ എന്ന ഇൻസ്റ്റഗ്രാം യൂസറാണ് ഈ വീഡിയോ നിർമിച്ചിരിക്കുന്നത്. രണ്ട് ചിത്രങ്ങൾ ഉപയോഗിച്ച് എങ്ങനെയാണ് ഇത്തരത്തിലൊരു വീഡിയോ ഉണ്ടാക്കുക എന്ന യൂട്യൂബ് ട്യൂടോറിയലിന് വേണ്ടിയാണ് വീഡിയോ ഒരുക്കിയതെന്ന് ബ്രെന്റ് എഎഫ്പിയോട് പറഞ്ഞു.
ദി ഗ്ലിച്ചും ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിൻസന്റ് വാൻഗോഗിന്റെ വാക്കുകൾ തലക്കെട്ടായി നൽകിക്കൊണ്ടായിരുന്നു ഇത്. ഈ ദൃശ്യങ്ങളാണ് നിലവിൽ ഡോറിയൻ ചുഴലിക്കാറ്റിന്റേത് എന്ന പേരിൽ പ്രചരിക്കപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here