Advertisement

‘ചാടിയത് ഞാനല്ല; ഞാൻ ജീവിച്ചിരിപ്പുണ്ട്’: പുഴയിൽ ചാടിയ ആഷിഖിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം

September 13, 2019
3 minutes Read

സോഷ്യൽ മീഡിയ കൊന്ന മറ്റൊരാൾ കൂടി താൻ ജീവിച്ചിരിപ്പുണ്ടെന്ന വിശദീകരണവുമായി രംഗത്ത്. കഴിഞ്ഞ ദിവസം പുഴയിൽ ചാടി കാണാതായെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയിലുള്ള യുവാവാണ് സ്വയം അസ്തിത്വം തെളിയിക്കേണ്ട ഗതികേടിലെത്തിയിരിക്കുന്നത്. ഇക്കാര്യം വിശദീകരിച്ച് യുവാവ് തന്നെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കോഴിക്കോട് കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ കാണാതായ മലപ്പുറം കൊണ്ടോട്ടി കാടപ്പടി സ്വദേശി ആഷിഖ് അബ്ദുൾ അസീസാണെന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രചരിച്ചത്. വെള്ളത്തിലിറങ്ങരുതെന്ന് ഒപ്പമുള്ളവർ മുന്നറിയിപ്പ് നൽകുന്നത് വിഡിയോയിൽ കേൾക്കാം. ഇതെല്ലാം അവഗണിച്ചാണ് യുവാവ് കല്ലുകൾ നിറഞ്ഞ പുഴയിലിറങ്ങുന്നതും ഒഴുകി പോകുന്നതും.

വിവിധ പേജുകൾ ഷെയർ ചെയ്ത വീഡിയോ വളരെ വേഗത്തിൽ വൈറലായി.

എന്നാൽ ഈ ദൃശ്യങ്ങളിലുള്ള യുവാവ് താൻ ജീവിച്ചിരിപ്പുണ്ടെന്നറിയിക്കുന്ന വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഏതോ കാലത്തെടുത്ത വിഡിയോയാണെന്നും വീട്ടിലേക്കടക്കം ഫോൺ കോൾ വരുന്നതായും യുവാവ് പറയുന്നു. താനല്ല ഒഴുകിപ്പോയെന്നും ആ വീഡിയോ ഫേക്കാണെന്നും ആരും അത് പങ്കു വെക്കരുതെന്നും യുവാവ് വീഡിയോയിലൂടെ അറിയിക്കുന്നു.

ഇതിനിടെ പതങ്കയത്ത് ഒഴുക്കിൽപെട്ട ആഷിഖിന്റെ കുടുംബവും സുഹൃത്തുക്കളും വ്യാജ പ്രചാരണത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

എത്ര പേരെയാണ് സോഷ്യൽ മീഡിയ നിർദ്ദാക്ഷിണ്യം കൊന്നുകളഞ്ഞത്. നടന്മാരായ മാമുക്കോയ, വികെ ശ്രീരാമൻ, നടിമാരായ കനക, ഗായത്രി അരുൺ മാപ്പിളപ്പാട്ട് കലാകാരൻ എരഞ്ഞോളി മൂസ തുടങ്ങിയവർക്കൊക്കെ താൻ മരിച്ചിട്ടില്ലെന്നറിയിക്കേണ്ട അവസ്ഥ വന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top